ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിൽ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ്. പ്രധാനമന്ത്രി പുതിയതായി ഒന്നും പറഞ്ഞില്ലെന്നും കോൺഗ്രസിനെ കുറ്റപ്പെടുത്തൽ മാത്രമാണ് നടന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.
ബി.ജെ.പി സർക്കാർ അദാനിക്ക് വേണ്ടി ഓടുകയാണെന്ന് ഇന്നും ഇന്നലെയും കോൺഗ്രസ് തുറന്നു കാട്ടിയതാണ്. ഭരണഘടനയെ കുറിച്ചാണ് അവർ സംസാരിക്കുന്നതെന്നും എന്നാൽ, ഒരാൾക്ക് വേണ്ടി ഭരണഘടന ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ കുത്തകക്ക് വേണ്ടിയാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പാർലമെന്‍റിനെ ഒരുതരത്തിലും ബഹുമാനിക്കാതെയാണ് ഇവർ ഭരണഘടനയെ കുറിച്ച് സംസാരിക്കുന്നത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഹാജരാകാത്തത് നമ്മൾ ഇന്ന് കണ്ടതാണെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
ലോക്സഭയിൽ ഭരണഘടനയെ കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭരണഘടനക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആയുധമാക്കി എന്നാണ് രാഹുൽ വിമർശിച്ചത്. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവർക്കർ. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചു.
ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഏകലവ്യന്‍റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്.
കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതിവെക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.