ചെന്നൈ: വിദ്വേഷ പ്രചാരണം ബി.ജെ.പിക്ക് അനുകൂലമാകാത്തതിന്‍റെ നിരാശയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അതിനാലാണ് യു.പിയിൽ പ്രസംഗത്തിനിടെ വിഭാഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. മോദി യു.പിയിൽ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ. 'കോൺഗ്രസും എസ്.പിയും യു.പിയിൽ നിങ്ങളോട് വോട്ട് ചോദിക്കുന്നു, എന്നാൽ, ദക്ഷിണേന്ത്യയിൽ അവരുടെ സഖ്യകക്ഷികൾ യു.പിക്കാരെയും സനാതന ധർമത്തേയും അപമാനിക്കുന്നു' എന്നായിരുന്നു മോദിയുടെ പ്രസംഗം.
സങ്കൽപത്തിൽ നിന്ന് കഥകളുണ്ടാക്കിയും നുണകളുടെ കെട്ടഴിച്ചുവിട്ടും വിദ്വേഷ പ്രചാരണം നടത്തുകയാണ് മോദിയെന്ന് സ്റ്റാലിൻ വിമർശിച്ചു. ദക്ഷിണേന്ത്യയിൽ മറുനാടൻ തൊഴിലാളികളെ ആക്രമിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ മനീഷ് കശ്യപിനെ പോലെയുള്ള യൂട്യൂബർമാരെ നിയോഗിച്ചത് ബി.ജെ.പിയാണ്. 10 വർഷം ഭരിച്ചിട്ടും ഒരു ഭരണനേട്ടവും പറയാനില്ല. വിദ്വേഷ പ്രചാരണം ബി.ജെ.പിക്ക് ഒട്ടും അനുകൂലമാകാത്തതിന്‍റെ നിരാശയിലാണ് മോദി. ഇതേത്തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാമൂഹിക ക്ഷേമ പദ്ധതികളെ വരെ ഇകഴ്ത്തിക്കാട്ടുന്നത്. താൻ പാവങ്ങൾക്കെതിരാണെന്ന് മോദി എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു -സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിൽ വനിതകൾക്ക് സൗജന്യ ബസ് സർവിസ് നടപ്പാക്കിയത് പാവപ്പെട്ടവർക്ക് ഏറെ ഗുണം ചെയ്തു. എന്നാൽ, മെട്രോ സർവിസിനെ ഇത് ബാധിച്ചുവെന്ന് പറഞ്ഞ് വിമർശിക്കുകയാണ് മോദി ചെയ്തത്. എന്നാൽ, മെട്രോയിൽ യാത്രക്കാർ വർധിക്കുകയാണ് ചെയ്തത്. 2019ൽ 3.28 കോടി യാത്രക്കാരുണ്ടായിരുന്നത് 2023ൽ 9.11 കോടിയായി വർധിച്ചു. മുന്നേയുള്ള ധാരണപ്രകാരം മെട്രോ രണ്ടാംഘട്ടത്തിന് നൽകേണ്ട തുക അനുവദിക്കാതെയാണ് മോദി സൗജന്യ ബസ് സർവിസിനെ വിമർശിക്കുന്നത് -സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.