ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചാൽ പ്രിയങ്ക ഗാന്ധി തീർച്ചയായും വിജയിക്കുമെന്ന് ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദി. ഉത്തർപ്രദേശിലെ 80 ലോക്സഭ മണ്ഡലങ്ങളിൽ മോദിയുടെ കോട്ടയാണ് വാരണാസി. രണ്ട് തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്നാണ് മോദി മത്സരിച്ചതും വിജയിച്ചതും.
പ്രിയങ്കാ ഗാന്ധിക്ക് അമേത്തിയിൽ നിന്നോ വാരണാസിയിൽ നിന്നോ മത്സരിക്കാം. മണ്ഡലം ഏതായാലും അവർ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രകടമായ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ഇൻഡ്യ സഖ്യത്തെ കുറിച്ച് പാർലമെന്‍റ് മുതൽ ചെങ്കോട്ടയിൽ വരെയെത്തിയ മോദിയുടെ വിമർശനം ഈ അസ്വാരസ്യത്തിന്‍റെ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു. 26 ഭാരതീയ ജനതാ ഇതര പാർട്ടികൾ സഖ്യത്തിലുണ്ട്. അവരുടെയെല്ലാം എം.എൽ.എമാരുടേയും എം.പിമാരുടേയും വോട്ടുകൾ ഈ മത്സരത്തിൽ ഒന്നിച്ചുനിൽക്കുമെന്നും പ്രിയങ്ക ചതുർവേദി വ്യക്തമാക്കി.
ആഗസ്റ്റ് 31നായിരിക്കും ഇൻഡ്യയുടെ മൂന്നാം ഘട്ടം ദേശീയതല യോഗം നടക്കുക. ആദ്യ രണ്ട് യോഗങ്ങളും ബിഹാറിലെ പട്നയിൽ വെച്ചായിരുന്നു നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.