ഹോളിവുഡിലെയും ബോളിവുഡിലെയും ഹൈ പ്രൊഫൈൽ വേർപിരിയലുകളുടെ വൈകാരിക വാർത്താ തലക്കെട്ടുകൾ മാത്രമല്ല, വിവാഹ മോചനത്തിനു ശേഷമുള്ള വലിയ തുകകളും ആളുകളെ സ്തബ്ധരാക്കും.
ഏറ്റവും ഒടുവിൽ മാർച്ച് 20ന് മുംബൈയിലെ ഒരു കുടുംബ കോടതി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനും നൃത്തസംവിധായിക ധനശ്രീ വർമക്കും വിവാഹമോചനം അനുവദിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായി ധനശ്രീക്ക് 4.75 കോടി രൂപ ചഹൽ ജീവനാംശമായി നൽകണം. വേർപിരിയുന്നവരിലൊരാൾ മറ്റൊരാൾക്ക് നൽകേണ്ട തുക കോടതികൾ എങ്ങനെ തീരുമാനിക്കുമെന്ന് പലരും ആശ്ചര്യപ്പെടുന്നു.
വാസ്തവത്തിൽ എങ്ങനെയാണ് ജീവനാംശം കണക്കാക്കുന്നത്?
ഇന്ത്യയിലെ ജീവനാംശം ഒരു നിശ്ചിത ഫോർമുല പിന്തുടരുന്നില്ല. രണ്ട് ഇണകളുടെയും സാമ്പത്തിക സ്ഥിതി, അവരുടെ വരുമാന സാധ്യത, വിവാഹത്തിന് അവർ നൽകുന്ന സംഭാവനകൾ എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതികൾ തീരുമാനമെടുക്കുന്നതെന്ന് മാഗ്നസ് ലീഗൽ സന്‍വിസസ് എൽ.എൽ.പിയിലെ കുടുംബ നിയമ അഭിഭാഷകയായ നികിത ആനന്ദ് പറയുന്നു.
ഉദാഹരണത്തിന്, 20 വർഷമായി വീട്ടമ്മയായ പ്രിയ തന്റെ ധനികനും ബിസിനസുകാരനുമായ ഭർത്താവ് രാജേഷിനെ വിവാഹമോചനം ചെയ്താൽ കോടതി അവരുടെ സ്വന്തം നിലയിലുള്ള വരുമാനമില്ലായ്മയും രാജേഷിന്റെ ഗണ്യമായ വരുമാനവും പരിഗണിക്കും.
വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടും ഭർത്താവിന്റെ ബിസിനസിനെയും കുടുംബത്തെയും കുട്ടികളെയും പിന്തുണക്കാനും പരിപാലിക്കാനും പ്രിയ തന്റെ തൊഴിൽ ത്യജിച്ചുവെന്ന് കോടതി മനസ്സിലാക്കും. വിവാഹമോചനത്തിനുശേഷവും അവർ സമാനമായ ജീവിതശൈലി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയും രാജേഷിന്റെ പണം നൽകാനുള്ള കഴിവ് പരിഗണിക്കുകയും ചെയ്യും. നീതി ഉറപ്പാക്കാനും അനാവശ്യമായ ബുദ്ധിമുട്ടുകൾ തടയാനുമാണിത്.
ജീവനാംശം തീരുമാനിക്കുമ്പോൾ കോടതികൾ ഒന്നിലധികം വശങ്ങൾ പരിഗണിക്കുമെന്ന കാര്യംകൂടി വിശദീകരിക്കുകയാണ് സുപ്രീംകോടതിയിലെ അഭിഭാഷക സത്യ മൊഹന്തി.
‘രണ്ട് കക്ഷികളുടെയും വരുമാനം, വിവാഹസമയത്തെ പെരുമാറ്റം, സാമൂഹികവും സാമ്പത്തികവുമായ നില, വ്യക്തിപരമായ ചെലവുകൾ, ആശ്രിതരോടുള്ള ഉത്തരവാദിത്തങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കോടതി പരിഗണിക്കുന്നു. വിവാഹസമയത്ത് ഭാര്യ ആസ്വദിക്കുന്ന ജീവിത നിലവാരവും കണക്കിലെടുക്കും.
പർവിൻ കുമാർ ജെയിൻ vs അഞ്ജു ജെയിൻ എന്ന കേസിൽ സ്ഥിരമായ ജീവനാംശം നൽകുന്നതിനുള്ള പ്രധാന ഘടകങ്ങൾ സുപ്രീംകോടതി വിവരിച്ചിട്ടുണ്ട്. അതിൽ ഇവ ഉൾപ്പെടുന്നു:
* രണ്ട് ഇണകളുടെയും സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി.
* ഭാര്യയുടെയും ആശ്രിതരായ കുട്ടികളുടെയും ന്യായമായ ആവശ്യങ്ങൾ.
* രണ്ട് കക്ഷികളുടെയും തൊഴിൽ നിലയും യോഗ്യതകളും.
* അപേക്ഷകന്റെ സ്വതന്ത്ര വരുമാനമോ ആസ്തികളോ.
* വിവാഹസമയത്ത് ജീവിത നിലവാരം.
* കുടുംബ ഉത്തരവാദിത്തങ്ങൾക്കായി നടത്തുന്ന ത്യാഗങ്ങൾ.
* ജോലി ചെയ്യാത്ത ഇണയുടെ നിയമപരമായ ചെലവുകൾ.
* ഭർത്താവിന്റെ വരുമാനവും ബാധ്യതകളും ഉൾപ്പെടെയുള്ള സാമ്പത്തിക ശേഷി.
എന്നാൽ, സ്ത്രീ കേന്ദ്രീകൃത നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെ സുപ്രീംകോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജീവനാംശം ആശ്രിത ഇണയെ സംരക്ഷിക്കാനുള്ളതാണെന്നും അതുപയോഗിച്ച് മറ്റേയാളെ ശിക്ഷിക്കരുതെന്നും പ്രസ്താവിച്ചു. ഉദാഹരണത്തിന്, ഭർത്താവിനും ഭാര്യക്കും പ്രതിമാസം സമാന വരുമാനമുണ്ടെങ്കിൽ ജീവനാംശം ആവശ്യമായി വരില്ല. എന്നിരുന്നാലും, കുട്ടികളെ പരിപാലിക്കുന്നത് പോലുള്ള ഉയർന്ന സാമ്പത്തിക ബാധ്യത ഒരു ഇണയിൽ മാത്രം വരികയാണെങ്കിൽ കോടതി സാമ്പത്തിക സഹായത്തിന് ഉത്തരവിട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.