രാജ്യത്തെ വയോജനങ്ങൾക്കുവേണ്ടി കൂടുതൽ നികുതി പരിഷ്കാരങ്ങളും നിർബന്ധിത സമ്പാദ്യപദ്ധതികളും ഭവനപദ്ധതികളും നിർദേശിച്ച് നിതി ആയോഗ്. 2050ഓടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 19.5 ശതമാനം വയോധികരാവുമെന്ന കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് നിരവധി നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
രാജ്യത്തെ സാമൂഹിക സുരക്ഷ ചട്ടക്കൂട് പരിമിതമാണ്. മിക്ക മുതിർന്നവരും അവരുടെ സമ്പാദ്യത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കുന്നവരാണ്. ഏറ്റക്കുറച്ചിലുകളുള്ള പലിശനിരക്കുകൾ അവരുടെ വരുമാനം കുറയുന്നതിന് കാരണമാകുന്നു. ചിലപ്പോൾ ഉപജീവന നിലവാരത്തിന് താഴെ പോകും.
അതിനാൽ, മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്കുള്ള പലിശക്ക് പ്രായോഗികമായ അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നതിന് സംവിധാനം ആവശ്യമാണ്. മുതിർന്ന പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നതിനായി പ്രത്യേക വെബ്സൈറ്റ് തയാറാക്കണം. പ്രായമായ സ്ത്രീകൾക്ക് കൂടുതൽ ഇളവ് നൽകുന്നത് അവരുടെ സാമ്പത്തിക ക്ഷേമത്തിന് സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുതിർന്ന പൗരന്മാർക്കുവേണ്ടി കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് ദേശീയ ഫണ്ട് രൂപവത്കരിക്കണം. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്വകാര്യ ആശുപത്രികളുമായി സഹകരണത്തിന് ശ്രമിക്കണം.
പ്രായമായവരിൽ 75 ശതമാനത്തിലധികം പേരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ഗാർഹിക പരിചരണ വിപണിയുടെ സാധ്യതകളെയാണ്. 50, 840 കോടി രൂപയുടെ ഗാർഹിക പരിചരണ വിപണിയാണ് രാജ്യത്തിന്റേത്. 2027ഓടെ 1.74 ലക്ഷം കോടി രൂപയുടെ വിപണിയായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.