മുംബൈ: 34 കോടി രൂപ തട്ടിയെടുക്കാൻ തനിക്ക് പ്രചോദനമായത് 'മണി ഹീസ്റ്റ്' എന്ന ലോകപ്രശസ്ത ക്രൈം ത്രില്ലർ വെബ് സീരീസാണെന്ന് കേസിൽ പിടിയിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ. മുംബൈ ഡോംബിവ്‌ലി എംഐഡിസിയിലെ ഐ.സി.ഐ.സി.ഐ ബാങ്ക് ലോക്കറിൽനിന്ന് 34 കോടി രൂപ മോഷണം പോയ കേസിൽ അറസ്റ്റിലായ ക്യാഷ് കസ്റ്റോഡിയൻ സർവിസ് മാനേജർ അൽത്താഫ് ഷെയ്ഖ് പൊലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു വർഷം മുമ്പ് 'മണി ഹീസ്റ്റ്' ഓൺലൈൻ സീരീസ് കാണ്ടപ്പോഴാണ് മോഷണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ആവശ്യമായ ഉപകരണങ്ങൾ ശേഖരിച്ച് പണം കവരാൻ പദ്ധതിയിട്ടു. ഇതിനിടെ, ബാങ്കിന്റെ സേഫ് റൂമിനോട് ചേർന്നുള്ള എ.സി അറ്റകുറ്റപ്പണി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ ഈ അവസരം മുതലെടുക്കുകയായിരുന്നു. ആദ്യം ബാങ്കിലെ സുരക്ഷാ സംവിധാനത്തിലെ പഴുതുകൾ പഠിച്ച ഇയാൾ, സേഫ്റൂമിൽനിന്ന് പണം കവർന്ന ശേഷം എ.സി സ്ഥാപിച്ച ദ്വാരത്തിലൂടെ കെട്ടിടത്തിന് പിറകിലെ ടാർപോളിൻ ഷീറ്റിലേക്ക് എറിഞ്ഞു.
ഇതിനുപിന്നാലെ, ബാങ്കിലെ സിസിടിവിയുടെ ഡിവിആർ കാണാതായ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. അധികൃതർ എത്തി പരിശോധനയുടെ ഭാഗമായി സേഫ് ഡിപ്പോസിറ്റുകളുടെ കണക്കെടുത്തപ്പോഴാണ് വൻ തുക മോഷണം പോയത് അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അൽതാഫ് തനിക്ക് പരിചയമുള്ള ഖുറേഷി, അഹമ്മദ് ഖാൻ, അനുജ് ഗിരി എന്നിവരെ ഫോണിൽ വിളിച്ച് അവർക്ക് മോഷണമുതലിൽനിന്ന് ഏകദേശം 12 കോടി രൂപ നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ മൂന്ന് പേരെയും പിടികൂടി. അവരുടെ പക്കൽനിന്ന് 5 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ ക്യാഷ് കസ്റ്റോഡിയൻ മാനേജർ അൽത്താഫ് ഷെയ്ഖിനെ പൂണെയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. നാലുപേരിൽനിന്നുമായി ഇതുവരെ 9 കോടിയോളം രൂപ കണ്ടുകെട്ടി. സംഭവത്തിൽ ഷെയ്ഖിന്റെ സഹോദരി നിലോഫറിനെയും പൊലീസ് പിടികൂടി. താനെ, നവി മുംബൈ പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.