കൻവാർ യാത്ര: വ്യാപാരികളുടെ മതം തിരയുന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്‍വി; ഒടുവിൽ മലക്കംമറിഞ്ഞു

ലഖ്നോ: ഉത്തർപ്രദേശിലെ കൻവാർ തിർഥാടന യാത്രാറൂട്ടിലെ ഭക്ഷണശാലകൾ കട ഉടമകളുടെ പേര് വലിപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന യു.പി പൊലീസിന്റെ ഉത്തരവിനെ വിമർശിച്ച് രംഗത്തുവന്ന ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്‍വി ഒടുവിൽ മലക്കം മറിഞ്ഞു. കടകൾക്ക് മുന്നിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് തൊട്ടുകൂടായ്മ എന്ന രോഗത്തിന് കാരണമാകുമെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ നഖ്‌വി വ്യാഴാഴ്ച പറഞ്ഞത്.

“ചില അത്യാവേശക്കാരായ ഉദ്യോഗസ്ഥരുടെ തിടുക്കത്തിലുള്ള ഉത്തരവുകൾ ‘തൊട്ടുകൂടായ്മ’ എന്ന രോഗത്തിന് കാരണമായേക്കാം… വിശ്വാസത്തെ ബഹുമാനിക്കണം, എന്നാൽ തൊട്ടുകൂടായ്മയെ പ്രോത്സാഹിപ്പിക്കരുത്" -എന്നായിരുന്നു നഖ്‌വി ഉത്തരവിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയത്. ജാതീയതയെയും വർഗീയതയെയും എതിർക്കുന്ന രവിദാസിന്റെ ഈരടികളും ഇദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ, ഈ പ്രസ്താവനക്കെതിരെ തീവ്രഹിന്ദുത്വവാദികൾ രംഗത്തുവന്നതോടെ നിലപാട് വിഴുങ്ങി നഖ്‍വി മലക്കം മറിഞ്ഞു.

കൻവാർ യാത്രയുടെ ഭക്തി, ബഹുമാനം, സുരക്ഷ എന്നിവ പരിഗണിച്ചുള്ള തീരുമാനത്തിൽ ആർക്കും എതിർപ്പി​ല്ലെന്നും ഇതുപോലുള്ള കാര്യങ്ങളിൽ വർഗീയ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിനോ മതത്തിനോ മനുഷ്യരാശിക്കോ നല്ലതല്ലെന്നും അദ്ദേഹം ഇന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


‘മാർഗരേഖയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. എന്നാൽ, ഈ ആശയക്കുഴപ്പം സംസ്ഥാന സർക്കാർ നീക്കിയതിൽ സന്തോഷമുണ്ട്. കൻവാർ യാത്രയുടെ ഭക്തി, ബഹുമാനം, സുരക്ഷ എന്നിവ സംബന്ധിച്ചിടത്തോളം ആർക്കും അതിൽ എതിർപ്പില്ല. ഇതുപോലുള്ള കാര്യങ്ങളിൽ വർഗീയ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിനോ മതത്തിനോ മനുഷ്യരാശിക്കോ നല്ലതല്ല. ഞാൻ തന്നെ പലതവണ കൻവാർ യാത്ര നടത്തിയിട്ടുണ്ട്. പല യാത്രക്കാർക്കും വിളമ്പിയ സാധനങ്ങളെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. നല്ലതെന്തും ഞാൻ പറയും. അല്ലാത്തത് അവഗണിക്കുക. വിശ്വാസത്തോടുള്ള ബഹുമാനവും അതിന്റെ സുരക്ഷയുമാണ് പ്രധാനം’ -നഖ്‍വി കൂട്ടിച്ചേർത്തു.

ശിവഭക്തരുടെ വാർഷിക തീർഥാടനമായ കൻവാർ യാത്ര ജൂലൈ 22 നാണ് തുടങ്ങുന്നത്. മുസ്‍ലിം വ്യാപാരികളിൽ നിന്ന് സാധനങൾ വാങ്ങാതിരിക്കാനുള്ള വിവേചന ശ്രമമാണ് യു.പി പൊലീസിന്റേതെന്നും ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും ഹിറ്റ്‌ലറുടെ നാസി ജർമനിയിലെ നയങ്ങൾക്കും സമാനമാണ് ഇതെന്നും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും കുറ്റപ്പെടുത്തി. അതേസമയം, മതപരമായ ഘോഷയാത്രയ്ക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് മുസഫർനഗറിലെ ഭക്ഷണശാലകളോട് ഉടമയു​ടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിച്ചത് എന്നാണ് പൊലീസ് പറയുന്നത്.


Tags:    
News Summary - Mukhtar Abbas Naqvi criticises UP Police Kanwar Yatra order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.