ബുൾഡോസർ ഉപയോഗിച്ച് ബാർ പൊളിക്കുന്നു. ഇൻസെറ്റിൽ മിഹിർ ഷാ

ശിവസേന നേതാവിന്റെ മകൻ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവം: മുംബൈയിലെ വിവാദ ബാര്‍ പൊളിച്ചു നീക്കി

മുംബൈ: ശിവസേന നേതാവിന്റെ മകൻ മിഹിർ ഷാ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ, പ്രതിയും സുഹൃത്തുക്കളും മദ്യപിച്ചെന്ന് സംശയിക്കുന്ന ബാറിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഹുവിലെ ബാർ പൊളിച്ചത്. അതേസമയം അപകട സമയത്ത് താനാണ് കാർ ഓടിച്ചതെന്ന് മിഹിർ ഷാ പൊലീസിനോട് സമ്മതിച്ചു. ഇതോടെ ഉന്നതതല അന്വേഷണം ആരംഭിച്ച് പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് മിഹിർ ഷാ ഓടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച്, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മത്സ്യ വിൽപ്പനക്കാരി മരിച്ചത്.

ചട്ടങ്ങൾ ലംഘിച്ച് പുർച്ചെ വരെ മദ്യം വിളമ്പിയ തപസ് ബാർ ഇന്നലെ എക്സൈസ് വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അനധികൃത നിർമാണം ചൂണ്ടിക്കാട്ടി മുംബൈ കോർപറേഷൻ ഒരുഭാഗം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. അപകടത്തിനു മുമ്പ് ഞായറാഴ്ച പുലർച്ചെ ഒന്നര വരെ മിഹിർ ഷായും സുഹൃത്തുക്കളും ബാറിലുണ്ടായിരുന്നു. എന്നാൽ അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ല എന്നാണ് 24കാരനായ പ്രതിയുടെ മൊഴി.

25 വയസ്സിനു താഴെ പ്രായമുള്ളവർ വീര്യംകൂടിയ മദ്യം ഉപയോഗിക്കുന്നതിന് മഹാരാഷ്ട്രയിൽ വിലക്കുണ്ട്. പ്രതി മദ്യപിച്ചെന്ന സൂചനയുണ്ടെങ്കിലും ഇത് തെളിയിക്കാൻ ഇനി ബുദ്ധിമുട്ടാണ്. കസ്റ്റഡിയിലെടുത്തത് സംഭവത്തിന് രണ്ട് ദിവസം കഴിഞ്ഞ് ആയതിനാൽ രക്ത സാമ്പിൾ കൊണ്ട് കാര്യമുണ്ടാകില്ല. മിഹിർ ഷായുടെ പിതാവും ശിവസേന നേതാവുമായ രാജേഷ് ഷാ കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറോട് ആവശ്യപ്പെട്ടതായും മൊഴിയുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കോൺഗ്രസ്, ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

Tags:    
News Summary - Mumbai BMW Hit-And-Run: Bulldozer Action At Pub Where Accused Spent Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.