ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരായ നിയമപോരാട്ടവുമായി മുസ് ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. വിവാദ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന ഹരജിയിൽ ലീഗ് ആവശ്യപ്പെടുക.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് നേതൃത്വം ചർച്ച ചെയ്യും. ഇതിനായി ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകും. തിങ്കളാഴ്ച രാവിലെയാണ് കപിൽ സിബലുമായി കുഞ്ഞാലിക്കുട്ടിയുംം ലീഗ് എംപിമാരും കൂടിക്കാഴ്ച നടത്തുക.
കപിൽ സിബൽ നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ലീഗ് രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ ഹാരിസ് ബീരാൻ സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട ഹരജിയുടെ രൂപം തയാറാക്കിയിരുന്നു.
വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുസ്‌ലിം ലീഗ് എം.പിമാർ ഇന്നതെ കത്തയച്ചിരുന്നു. ഗുരുതരമായ ഭരണഘടന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, അഡ്വ. വി.കെ. ഹാരിസ് ബീരാൻ എന്നിവർ കത്തയച്ചത്.
ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡുകളിലെ അമുസ് ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകൾ മുസ് ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പു വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.