അമരാവതി: ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരുമെന്ന് തെലുഗു ദേശം പാർട്ടി(ടി.ഡി.പി). മുസ്‍ലിം സംവരണത്തെ ശക്തമായി എതിർക്കുന്ന പാർട്ടിയാണ് ബി.ജെ.പി. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിൽ ടി.ഡി.പിയും സഖ്യകക്ഷിയാണ്. അതോടെയാണ് മുസ്‍ലിം സംവരണ കാര്യത്തിൽ ടി.ഡി.പി നിലപാട് മാറ്റുമോ എന്ന സംശയം ഉയർന്നത്. എന്നാൽ മുസ്‍ലിംകളുടെ സംവരണ വിഷയത്തിൽ രണ്ടുപതിറ്റാണ്ടായി സ്വീകരിച്ചു വരുന്ന ടി.ഡി.പിയുടെ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
''ആന്ധ്രപ്രദേശിൽ രണ്ടുപതിറ്റാണ്ടായി മുസ്‍ലിംകൾക്ക് സംവരണം തുടരുന്നു. അതിനിയും തുടരും.''-ലോകേഷ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയാണ് ടി.ഡി.പി എൻ.ഡി.എ കൂട്ടുകക്ഷി സർക്കാരുണ്ടാക്കുന്നതിൽ നിർണായക ശക്തിയായത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംസ്ഥാനത്തെ അരികുവത്കരിക്കപ്പെട്ട ആളുകളെ ഉന്നമനത്തിലേക്ക് കൊണ്ടുവരാനും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോകേഷ് വ്യക്തമാക്കി. അതേസമയം, മുസ്‍ലിം സംവരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രീതിപ്പെടുത്തലല്ലെന്നും സംസ്ഥാനത്തെ താഴ്ന്ന വരുമാനമുള്ള മുസ്‍ലിംകൾക്ക് സാമൂഹിക നീതി നടപ്പാക്കലാണെന്നും ലോകേഷ് വ്യക്തമാക്കി.
''ന്യൂനപക്ഷങ്ങൾ ഒരു പാട് പ്രശ്നങ്ങൾ സഹിക്കുകയാണ്. അവരുടെ പ്രതിശീർഷ വരുമാനവും കുറവാണ്. അവരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അവരോട് സർക്കാർ അനുകൂല സമീപനം സ്വീകരിച്ചാൽ ഒരിക്കലും അത് പ്രീതിപ്പെടുത്തലാകില്ല. അവർക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം നൽകലാണ് സംവരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെങ്കിൽ ഒരാളെ പോലും നാം അവഗണിക്കാൻ പാടില്ല. അതാണ് ടി.ഡി.പിയുടെ മുഖമുദ്രയെന്നും ലോകേഷ് പറഞ്ഞു.
അതിനിടെ, സഖ്യകക്ഷിയായെങ്കിലും സ്പീക്കർ പദവി ആവശ്യപ്പെട്ട് ബി.ജെ.പിയോട് പാർട്ടി വിലപേശലിന് ഇല്ലെന്നും ലോകേഷ് നയം വ്യക്തമാക്കി. പദവികൾക്കായി ചർച്ച നടത്തിയിട്ടില്ല. ആന്ധ്രപ്രദേശിന്റെ ഫണ്ടിനു വേണ്ടിയാണ് ചോദിച്ചിട്ടുള്ളത്. മന്ത്രിപദവികൾ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന്റെ വികസനമാണ് മുൻഗണന. -ലോകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.