യു.പിയിൽ മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി; സ്ത്രീകളെയും കുട്ടികളെയുമടക്കം പൊലീസ് ആക്രമിച്ചതായി ആരോപണം

ലഖ്നോ: ഉത്തർപ്രദേശിലെ സംഭാലിൽ പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. സംഭാൽ ലോക്‌സഭ മണ്ഡലത്തിലെ അസ്മൗലി ഗ്രാമത്തിലെ ഒവാരിയിലെ 181, 182, 183, 184 ബൂത്തിലാണ് സംഭവം. മുസ്‌ലിം വോട്ടർമാരെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും പോലും പൊലീസ് ആക്രമിച്ചതായി ആരോപണം ഉയരുന്നു.

തങ്ങളെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നും പൊലീസ് ആധാർ കാർഡുകളും വോട്ടിങ് കാർഡുകളും തട്ടിയെടുക്കുകയും തങ്ങളുടെ താടി വലിച്ചുകൊണ്ട് അപമാനിച്ചതായും ഒരു മുസ്ലിം വോട്ടർ പറഞ്ഞു.

സ്ത്രീകളെ തല്ലാൻ പൊലീസ് മടി കാണിച്ചില്ല. ആധാർ കാർഡുകൾ വ്യാജമാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും പ്രായമായ മുസ്ലിം സ്ത്രീ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സിയാ ഉർ റഹ്‌മാനും ജില്ലാ പൊലീസ് സൂപ്രണ്ടും തമ്മിൽ വാക്കേറ്റമുണ്ടായി. തന്റെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിൽ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് സിയാ-ഉർ-റഹ്മാനെ പൊലീസ് ഉദ്യോഗസ്ഥർ തള്ളിമാറ്റുകയായിരുന്നു. വോട്ടർമാരുടെ പോളിങിനെ സ്വാധീനിക്കാൻ പൊലീസ് ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മറ്റൊരു വിഡിയോയിൽ, വോട്ടർ കാർഡുകൾ പരിശോധിക്കാൻ പോളിങ് ഉദ്യോഗസ്ഥർക്കാണ് അവകാശമെന്ന് സംഭാലിലെ എ.എസ്.പി അനുകൃതി ശർമ പൊലീസിനോട് പറയുന്നത് കാണാം. അത് പൊലീസിന്റെ ജോലിയല്ല. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിങ് ഓഫിസർ പറയുമെന്നും അവർ പറയുന്നു. വോട്ടർമാരെ പോളിങ് ബൂത്തിനകത്തേക്ക് കടത്തിവിടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നുമുണ്ട്.

അതേസമയം, പോളിങ് സുഗമമായി നടന്നതായി പൊലീസ് അവകാശപ്പെട്ടു. വ്യാജ വോട്ടുകൾ ചെയ്യാൻ ശ്രമിച്ചതിന് സംശയാസ്പദമായ 50-ലധികം പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Muslims in UP’s Sambhal ‘not allowed’ to cast vote, thrashed by cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.