ഭോപാൽ: ഹിന്ദുത്വ കാർഡിറക്കി വോട്ട് പിടിക്കുന്ന കോൺഗ്രസിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി. മുസ്‍ലിംകൾ ആരുടെയും അടിമകളല്ലെന്നും ജോലി പോലും നൽകാത്ത ഒരു പാർട്ടിക്ക് അവരെന്തിനാണ് വോട്ട് ചെയ്യുന്നതെന്നും ഖുറേഷി ചോദിച്ചു.
''മുസ്‌ലിംകൾ ആരുടെയും അടിമകളോ കൽപ്പനകൾക്കനുസൃതമായി പ്രവർത്തിക്കുന്ന തൊഴിലാളികളോ അല്ലെന്ന് എല്ലാ പാർട്ടികളും മനസ്സിലാക്കണം. പൊലീസിലും പ്രതിരോധ സേനയിലും ബാങ്കുകളിലും നിങ്ങൾ അവർക്ക് ജോലി നൽകുന്നില്ല. പിന്നെ അവർ എന്തിന് നിങ്ങൾക്ക് വോട്ട് ചെയ്യണം? അവർക്ക് ബാങ്ക് ലോണുകൾ ഉറപ്പില്ലാത്തപ്പോൾ അവർ നിങ്ങൾക്ക് വോട്ട് ചെയ്യുമോ?''-അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിദിഷയിൽ മുസ്‍ലിം നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഖുറേഷിയുടെ പരാമർശം. ഇരുപത്തിരണ്ട് കോടി മുസ്ലീങ്ങളില്‍ ഒന്നോ രണ്ടോ കോടി പേര്‍ മരിച്ചാലും പ്രശ്നമില്ലെന്നും ഖുറേഷി പ്രസ്താവിച്ചു.''മുസ്‍ലിംകളുടെ കടകളും ആരാധനാലയങ്ങളും വീടുകളും കത്തിക്കുന്നു. അവരുടെ മക്കൾ അനാഥരാകുന്നു, അവർ ഒരു പരിധിവരെ സഹിക്കും. അവർ ഭീരുക്കളല്ല. പരിധി കടന്നാൽ, അതിൽ ഒന്നോ രണ്ടോ കോടിക്ക് ഒരു ദോഷവും ഉണ്ടാകില്ല. 22 കോടി മുസ്‍ലിംകൾ ജീവനൊടുക്കുന്നു."-എന്നായിരുന്നു ഖുറേഷിയുടെ വാക്കുകൾ. പാർട്ടിയിലെ ചില നേതാക്കൾ മതപരമായ യാത്രകൾ നടത്തുകയും മധ്യപ്രദേശ് കോൺഗ്രസ് ഓഫീസിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ലജ്ജാകരമാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടാലും തനിക്ക് ഭയമില്ലെന്നും ഖുറേഷി വ്യക്തമാക്കി.
ഖുറേഷിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് മതേതര പാർട്ടിയാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് കോൺഗ്രസ് വക്താവിന്റെ പ്രതികരണം. അതേസമയം, ഖുറേഷിയുടെ പ്രസ്താവന ബി.ജെ.പി ഏറ്റു പിടിച്ചിട്ടുണ്ട്. ഖുറേഷിയുടെ പ്രസംഗത്തിന്റെ വിഡിയോ ബി.ജെ.പി വക്താവ് പങ്കജ് ചതുര്‍വേദി എക്സില്‍ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗത്തിന്റെ കാരണങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഹിന്ദുക്കാകുന്ന കമൽനാഥും രാഹുൽ ഗാന്ധിയും വിശദീകരിക്കണമെന്നും ബി.ജെ.പി വക്താവ് നരേന്ദ്ര ഷാലൂജ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുളളയാളാണ് അസീസ് ഖുറേഷി. 2020 ജനുവരി 24 ന് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ മധ്യപ്രദേശ് ഉറുദു അക്കാദമിയുടെ പ്രസിഡന്റായി നിയമിച്ചു. മധ്യപ്രദേശ് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു ഖുറേഷി. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സത്നയില്‍ നിന്ന് എം.പിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.