ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും ദരിദ്രരായ മതവിഭാഗം മുസ്ലിംകളാണെന്ന് രാജ്യത്തെ ഔദ്യോഗിക രേഖകൾ. മറ്റു പ്രധാന മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് ആസ്തിയും ഉപഭോഗവും മുസ്ലിം വിഭാഗത്തിലുള്ളവർക്കാണെന്നും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ദേശീയ സാമ്പിൾ സർവേയുടെ ഭാഗമായ ആൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ (എ.ഐ.ഡി.ഐ.എസ്), പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി.എൽ.എഫ്.എസ്) എന്നിവയുടെ പുതിയ കണക്കുകൾ വിശകലനം ചെയ്ത് പ്രമുഖ ഇംഗ്ലിഷ് ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുസ്ലിംകളുടെ ഉപഭോഗത്തിന്റെയും ആസ്തിയുടെയും ശരാശരി മൂല്യം യഥാക്രമം ദേശീയ ശരാശരിയുടെ 87.9 ശതമാനവും 79 ശതമാനവും മാത്രമാണ്. കൂടാതെ, ഹിന്ദു സമുദായത്തിന്റെ ദേശീയ ശരാശരിയുടെ 87.8 ശതമാനവും 79.3 ശതമാനവുമേ ഇത് വരുന്നുള്ളൂ. ഇതോടൊപ്പമുള്ള ചാർട്ടുകളിൽ ഇക്കാര്യം വിശദമാക്കുന്നു.
മേൽത്തട്ട് മുസ്ലിംകൾ ഹിന്ദു ഒ.ബി.സിയേക്കാൾ ദരിദ്രർ
മുസ്ലിം, ഹിന്ദു വിഭാഗങ്ങളുടെ ശരാശരി ആസ്തി, ആളോഹരി മാസ ഉപഭോഗ കണക്കുകൾ പരിഗണിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുന്നു. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിൽ പെടാത്ത മുസ്ലിംകളുടെ ശരാശരി ആസ്തിമൂല്യം ഹിന്ദുക്കളിലെ ഇതേ വിഭാഗത്തേക്കാൾ മാത്രമല്ല, ഹിന്ദു ഒ.ബി.സി വിഭാഗത്തേക്കാളും കുറവാണ്. മേൽത്തട്ട് മുസ്ലിംകൾക്ക് ആനുപാതികത്തേക്കാൾ അധികം സാമ്പത്തികശക്തിയുണ്ടെന്ന പ്രചാരണത്തെ ഈ കണക്ക് പൊളിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
തെറ്റായ പ്രചാരണങ്ങൾ
മുസ്ലിം സമുദായത്തിനകത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഏറെ വലുതാണെന്നപ്രചാരണം ശരിയല്ലെന്നും കണക്കുകൾ വിവരിക്കുന്നു. മുസ്ലിംകളിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരവും ഹിന്ദുക്കളിലെ സമ്പന്നരും ദരിദ്രരും തമ്മിലെ അന്തരവും സമമാണെന്ന്, ആളോഹരി പ്രതിമാസ ഉപഭോഗ, കുടുംബ ആസ്തി പട്ടികകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് സമർഥിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.