ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തിൽ ഓർമകൾ പുതുക്കി രാഷ്ട്രവും കുടുംബവും. സമാധിസ്ഥലമായ ശക്തിസ്ഥലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എം.പി അടക്കമുള്ള നേതാക്കൾ പുഷ്പാര്‍ച്ചന നടത്തി.
'എന്റെ മുത്തശ്ശി, എന്റെ ശക്തി! നിങ്ങൾ ജീവൻ നൽകിയ ഇന്ത്യയെ ഞാൻ എപ്പോഴും സംരക്ഷിക്കും. നിങ്ങളുടെ ഓർമ്മ എപ്പോഴും എന്‍റെ ഹൃദയത്തിലുണ്ട്' -ഓർമദിനത്തിൽ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
'പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനായി മാതൃകാപരമായ നേതൃത്വവും അർപ്പണബോധമുള്ള സേവനവും രാഷ്ട്രത്തിന് ശാശ്വത പ്രചോദനത്തിന്‍റെ ഉറവിടവുമായ ഇന്ദിര ഗാന്ധിയെ സ്മരിക്കുന്നതായി' ഖാർഗെ എക്സിൽ കുറിച്ചു.
'രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുക്കാനായി ഒരു വിദ്യാർഥി നേതാവ് എന്ന നിലയിൽ, 1975ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു ഡസനോളം പേരുമായി പോയപ്പോഴാണ് ഇന്ദിര ഗാന്ധിയെ ആദ്യമായി കാണുന്നത്. രണ്ട് മാസത്തിന് ശേഷം സ്വിസ് യൂത്ത് മാഗസിന് വേണ്ടി ഇന്ദിരയെ അഭിമുഖം നടത്താനായി. ഇന്ദിരയുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു' -ശശി തരൂർ എക്സിൽ കുറിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെയും കമല നെഹ്‌റുവിന്‍റെയും മകളായ ഇന്ദിര ഗാന്ധി, രാജ്യത്തിന്‍റെ ആദ്യ വനിത പ്രധാനമന്ത്രിയാണ്. 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബർ 31ന് വധിക്കപ്പെടുന്നതുവരെ പദവിയിൽ തുടർന്നു.
അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ കയറിയ തീവ്രവാദികളെ അമർച്ച ചെയ്യാൻ നടത്തിയ ബ്ല്യൂ സ്റ്റാർ ഓപറേഷന് പിന്നാലെയാണ് തന്‍റെ സിഖ് അംഗരക്ഷകരായ സത് വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.