കൊൽക്കത്ത: നാരദ ടേപ് കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർജി, തൃണമൂൽ കോൺഗ്രസ് എം.എൽ.എ മദൻ മിത്ര, പാർട്ടി മുൻ നേതാവ് സോവൻ ചാറ്റർജി, എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി പറഞ്ഞതിനെ തുടർന്നാണ് ജയിലിൽനിന്ന് മാറ്റിയത്. മറ്റൊരു മന്ത്രി ഫിർഹദ് ഹകീമിന് പനി ബാധിച്ചതിനാൽ, ജയിലിലെ ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി.
പുലർച്ച മൂന്നു മണിയോടെയാണ് മിത്ര, ചാറ്റർജി എന്നിവരെ ശ്വാസതടസ്സത്തെ തുടർന്ന് സർക്കാർ ആശുപത്രിയിലാക്കിയത്. ഇവർക്ക് ഓക്സിജൻ നൽകി. ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.ആശുപത്രിക്കു മുന്നിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
അറസ്റ്റിനെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര കക്ഷികളെല്ലാം രംഗത്തുവന്നിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. തിങ്കളാഴ്ച നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് സി.ബി.ഐ ഓഫിസിൽ കുതിച്ചെത്തിയ മുഖ്യമന്ത്രി മമത ബാനർജി, മന്ത്രിമാരെയും എം.എൽ.എയെയും വിട്ടുകിട്ടണമെന്നും അല്ലെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കിയിരുന്നു.
അറസ്റ്റിനെതിരെ മമത ഓഫിസിലെത്തി ധർണ നടത്തിയെന്നും സംസ്ഥാന നിയമമന്ത്രി 3,000ത്തോളം അണികളുമായി കോടതിയിലെത്തിയെന്നും സി.ബി.ഐ ഹൈകോടതിയിൽ പറഞ്ഞു. വിവാദത്തിൻെറ സത്യാവസ്ഥയിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും കേസിൽ ചെലുത്തിയ സമ്മർദം നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നതിനാൽ അത് ഗൗരവമായി കാണുകയാണെന്നും ഹൈകോടതി ഉത്തരവിൽ പറഞ്ഞു. കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന സി.ബി.ഐ ആവശ്യത്തിൽ കോടതി വിധി പറഞ്ഞിട്ടില്ല. ജസ്റ്റിസുമാരായ ബിന്ദൽ, അരിജിത് ബാനർജി എന്നിവരുടെ ഹൈകോടതി ബെഞ്ചിൽ സി.ബി.ഐക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷനൽ സോളിസിറ്റർ ജനറൽ വൈ.ജെ. ദസ്തൂർ എന്നിവർ ഹാജരായി. പ്രശ്നം കത്തിപ്പടർന്നപ്പോൾ സംസ്ഥാനത്തെ ക്രമസമാധാന നില സൂചിപ്പിച്ച് ഗവർണ ർ ജഗ്ദീപ് ധൻകർ ട്വിറ്ററിൽ കുറിപ്പിട്ടതിൽ മമത അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.