മുംബൈ: ഉദ്ധവ് താക്കറെ പക്ഷത്തുള്ള നാല് എം.എൽ.എമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തേക്ക് മാറുമെന്ന് കേന്ദ്രമന്ത്രി നാരായണ റാണെ. ഇനി ശിവസേനയില്ലെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം ഏതാണ്ട് അവസാനിച്ചുവെന്നും റാണെ അവകാശപ്പെട്ടു.
'ശിവസേന ഇപ്പോഴില്ല. 56 എം.എൽ.എമാരിൽ അഞ്ചോ ആറോ പേർ മാത്രമെ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. അവരും പുറത്തേക്കുള്ള വഴിയിലാണ്. നാല് എം.എൽ.എമാർ എന്നെ ബന്ധപ്പെട്ടിരിരുന്നു. അവർ ഏത് നിമിഷവും ഷിൻഡെ പക്ഷത്ത് ചേരാം," റാണെ പറഞ്ഞു.
നേരത്തെ ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷം ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ഇരുപക്ഷത്തിനും നൽകാതെ തെരഞ്ഞെടുപ്പ് കമീഷൻ അവ മരവിപ്പിച്ചത്. യഥാർഥ ശിവസേന ആരെന്ന തർക്കത്തിൽ അന്തിമ തീരുമാനമാകും വരെയാണ് മരവിപ്പിക്കൽ.
തുടർന്ന് ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്ന പേരും ഷിൻഡെ വിഭാഗത്തിന് ബാലാസഹെബാംചി ശിവസേന എന്ന പേരും അനുവദിച്ചു. ഇരുപക്ഷത്തിനും പുതിയ ചിഹ്നവും അനുവദിച്ചിട്ടുണ്ട്. ഉദ്ധവ് വിഭാഗത്തിന് ജ്വലിക്കുന്ന പന്തവും ഷിൻഡെ പക്ഷത്തിന് വാളും പരിചയുമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.