ശ്രീനഗർ: പ്രതിപക്ഷ പാർട്ടികളായ നാഷണൽ കോൺഫറൻസിനും (എൻ.സി.) കോൺഗ്രസിനുമെതിരെ വിമർശനവുമായി അമിത് ഷാ. നാഷണൽ കോൺഫറൻസും കോൺഗ്രസും മേഖലയിൽ തീവ്രവാദത്തെ പരിപോഷിപ്പിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ റംബാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദം പൂർണമായി തുടച്ചുനീക്കുന്നതുവരെ പാകിസ്താനമായി ഒരു ചർച്ചയും വ്യാപാരവും നടക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ, പാകിസ്താനുമായി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും അമിത് ഷാ വിമർശിച്ചു.
ഒരു ദശാബ്ദത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് കേന്ദ്രഭരണ പ്രദേശം ഒരുങ്ങുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം.
ഈ തെരഞ്ഞെടുപ്പ് രണ്ട് ശക്തികൾ തമ്മിലാണ്. അവർ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിനെ തീവ്രവാദത്തിന്‍റെ തീയിലേക്ക് തള്ളിവിട്ടു. 40,000-ത്തിലധികം ആളുകൾ ഇവിടെ രക്തസാക്ഷികളായി. ജമ്മു കശ്മീരിലെ 35 വർഷത്തെ ഭീകരവാദത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് എനിക്ക് ഫാറൂഖ് അബ്ദുല്ല സാഹബിനോടും രാഹുൽ ഗാന്ധിയോടും ചോദിക്കണം -അമിത് ഷാ പറഞ്ഞു.
ജമ്മു-കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നാളെ നടക്കും. രണ്ടാം ഘട്ടം 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനുമാണ്. ബി.ജെ.പി ശക്തമായ പോരിനിറങ്ങുന്ന കശ്മീരിൽ മുഖ്യ എതിരാളി നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യമാണ്. നാഷനൽ കോൺഫറൻസ് 56 സീറ്റിലും കോൺഗ്രസ് 38 സീറ്റിലും മത്സരിക്കുന്നു. ഈ മുന്നണിയുടെ ഭാഗമായി സി.പി.എം ഒരു സീറ്റിലും മത്സരരംഗത്തുണ്ട്. മെഹ്ബൂബ മുഫ്ത്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി 63 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.