ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ആശങ്ക ഉയർത്തി ജെ.ഡി.യു

ജെ.ഡി.യു എം.പി സഞ്ജയ് കുമാർ ഝാ

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ; ആശങ്ക ഉയർത്തി ജെ.ഡി.യു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലിൽ ആശങ്ക രേഖപ്പെടുത്തി എൻ.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു. നിയമനിർമാണത്തിന് തിരക്കുകൂട്ടരുതെന്നും പകരം വിപുലമായ കൂടിയാലോചനകൾ നടത്തണമെന്നും സർക്കാറിനോട് ജെഡി.യു ആവശ്യപ്പെട്ടു.

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ജെ.ഡി.യു ആവശ്യമുയർത്തിയത്.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, കിരൺ റിജിജു, ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്‌വാൾ, എൽ. മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജെ.ഡി.യു എം.പി സഞ്ജയ് കുമാർ ഝാ ബിൽ നടപ്പാക്കുന്നതിൽ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമാണം സൂക്ഷ്മപരിശോധനയ്ക്കായി 39 അംഗ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് (ജെ.പി.സി) അയച്ചു. കോൺഗ്രസ്, ഇടത് മുന്നണി, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

മറ്റൊരു സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി പുതിയ ലോക്‌സഭയിലെ സീറ്റ് ക്രമീകരണത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ഏകപക്ഷീയമായാണ് സീറ്റ് ക്രമീകരണം നടത്തിയതെന്നാണ് എം.പിമാരുടെ വാദം.

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവം, വഖഫ് ബില്ലിൽ ജെ.പി.സിയുടെ നടപടിക്രമങ്ങളിലെ പിഴവുകൾ തുടങ്ങിയവ പാർലമെന്‍റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ എം.പിമാരുടെ നീക്കം.

Tags:    
News Summary - NDA Ally JDU Raises Concerns Over 'One Nation One Election' Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.