ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ മത്സരത്തിലേക്ക് പാകിസ്താൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ക്ഷണിച്ചതിന് പിന്നാലെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര രംഗത്ത്. ഒരു അത്‌ലറ്റ് എന്ന നിലയിലാണ് പാക് താരം അർഷാദ് നദീമിനെ മത്സരത്തിലേക്ക് ക്ഷണിച്ചതെന്നും തന്‍റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യരുതെന്നും നീരജ് ചോപ്ര വാർത്താകുറിപ്പിൽ വ്യക്തമാക്കി.
'നീരജ് ചോപ്ര ക്ലാസിക്കിൽ മത്സരിക്കാൻ അർഷാദ് നദീമിനെ ക്ഷണിക്കാനുള്ള എന്‍റെ തീരുമാനത്തെ കുറിച്ച് വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. അതിൽ ഭൂരിഭാഗവും വെറുപ്പും അധിക്ഷേപവുമായിരുന്നു. അർഷാദിന് നൽകിയ ക്ഷണം ഒരു അത്‌ലറ്റ് എന്ന നിലയിലാണ്, അതിൽ കൂടുതലോ കുറവോ ഇല്ല.
പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ് തിങ്കളാഴ്ച എല്ലാ അത്‌ലറ്റുകൾക്കും ക്ഷണക്കത്ത് അയച്ചിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്നതെല്ലാം കണക്കിലെടുക്കുമ്പോൾ, മത്സരത്തിലെ അർഷാദിന്‍റെ സാന്നിധ്യം പൂർണമായും അനിശ്ചിതത്തിലായിരുന്നു.
എന്‍റെ രാജ്യവും അതിന്‍റെ താൽപര്യവുമാണ് പ്രധാനം. ജീവൻ ബലിയർപ്പിച്ചവരെ കുറിച്ചാണ് എന്‍റെ ചിന്തയും പ്രാർഥനയും. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ശക്തി കാണിക്കുമെന്നും നീതി നടപ്പാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്' -നീരജ് ചോപ്ര വ്യക്തമാക്കി.
മെയ് 24ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിന്‍ ത്രോ മത്സരമായ നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരം നടക്കുന്നത്. നീരജ് ചോപ്രയും ജെ.എസ്.ഡബ്ല്യു സ്പോര്‍ട്സും അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (എ.എഫ്.ഐ) വേള്‍ഡ് അത്ലറ്റിക്സും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഈ മത്സരത്തിലേക്ക് പാകിസ്താൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ക്ഷണിച്ചതായി തിങ്കളാഴ്ചയാണ് നീരജ് ചോപ്ര അറിയിച്ചത്. പരിശീലകനുമായി ചർച്ച ചെയ്ത ശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വിവരം കൈമാറാമെന്നാണ് നദീം അറിയിച്ചിരുന്നത്.
എന്നാൽ, ബുധനാഴ്ച ക്ഷണത്തിന് നീരജിന് നന്ദി അറിയിച്ച നദീം, ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള പരിശീലനം ഉള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. മെയ് 27 മുതല്‍ 31 വരെ കൊറിയയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി കഠിന പരിശീലനത്തിലാണെന്നും മെയ് 22ന് യാത്ര തിരിക്കുമെന്നുമാണ് നദീം അറിയിച്ചത്.
അതേസമയം, ഏപ്രിൽ 22 ചൊവ്വാഴ്ചയാണ് ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്നത്. പ്രദേശവാസിയും വിനോദസഞ്ചാരികളും അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നയതന്ത്രബന്ധം അടക്കം വിച്ഛേദിച്ച് കൊണ്ടുള്ള കടുത്ത നടപടി ഇന്ത്യ സ്വീകരിക്കുകയും ചെയ്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങൾക്കിടയിൽ ഉണ്ടായ സംഭവവികാസങ്ങളാകാം മത്സരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച വിവരം നദീം ബുധനാഴ്ച അറിയിക്കാൻ കാരണമെന്നും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.