ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ചും ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് വിദ്യാർഥി സംഘടനകൾ പാർലമെൻ്റിലേക്ക് സംയുക്ത മാർച്ച് നടത്തും. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷയിലെ ക്രമക്കേടും ഉൾപ്പടെയുള്ള സംഭവങ്ങളിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധം തുടരുകയാണ്. എൻ.എസ്.യു.ഐ, ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, സമാജ്വാദി ഛത്രസഭ എന്നീ സംഘടനകളാണ് മാർച്ചിൽ പങ്കെടുക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
നീറ്റ് ക്രമക്കേട്, പരീക്ഷകൾ ന്യായമായും സുതാര്യമായും നടത്താനുള്ള എൻ.ടി.എയുടെ കഴിവില്ലായ്മയുടെ വ്യക്തമായ ഉദാഹരണമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. അതിനാൽ ഈ നിർണായക പരീക്ഷകൾ നടത്താൻ പുതിയതും വിശ്വസനീയവുമായ ഒരു ഏജൻസി സ്ഥാപിക്കണമെന്ന് എൻ.എസ്.യു.ഐ പ്രസിഡൻ്റ് വരുൺ ചൗധരി പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാണെന്ന് അവർ ആരോപിച്ചു. കൂടാതെ എല്ലാ ഉദ്യോഗാർഥികൾക്കും നീറ്റ്-യുജിയുടെ പുതിയ തീയതികൾ ഉടൻ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അഭ്യർഥന പ്രകാരം ജൂൺ 28, ജൂലൈ ഒന്ന് തീയതികളിൽ വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യാമെന്ന് സ്പീക്കർ ഉറപ്പുനൽകിയതാണെങ്കിലും അതുണ്ടായില്ല. നീറ്റിലെ ക്രമക്കേടുകൾ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകൾ തുറന്നുകാട്ടുന്നതാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടെ, 70ലധികം ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്നും ഇത് രണ്ടു കോടിയിലധികം വിദ്യാർഥികളെ ബാധിച്ചെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
മേയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ജൂലൈ എട്ടിന് പരിഗണിക്കും. 26 ഹരജികളാണ് സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. രാജ്യത്തെ 4,750 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 24 ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതിയത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ ആരോപണങ്ങളാണ് പരീക്ഷയെ വിവാദത്തിലാക്കിയത്. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് ജൂൺ 11ന് നിരീക്ഷിച്ച കോടതി കേന്ദ്രത്തിന്റെയും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെയും പ്രതികരണവും തേടിയിരുന്നു. എന്നാൽ, കൗൺസലിങ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.