നീറ്റ് ചോദ്യപേപ്പർ ചോർച്ച: പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ് ചോദ്യ​പേപ്പർ ചോർച്ച കേസിലെ അന്വേഷണത്തിനിടെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. പട്ന എയിംസിലെ ഡോക്ടർമാരെയാണ് പിടികൂടിയത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നടപടി.

2021 ബാച്ചിലെ ഡോക്ടർമാരാണ് സി.ബി.ഐയുടെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇവരുടെ മുറികൾസീൽ ചെയ്തിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈൽ​ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.

കേസുമായി ബന്ധ​പ്പെട്ട് രണ്ട് പേരെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് കുമാർ, രാജു സിങ് എന്നിവരാണ് പിടിയിലായത്. ബിഹാറിലെ പട്നയിൽ നിന്നും ഝാർഖണ്ഡിലെ ഹാസ്‍രിബാഗിൽ നിന്നുമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയയിലെ പങ്കാളിയാണ് പങ്കജ് കുമാർ എന്നാണ് സി.ബി.ഐ കണ്ടെത്തൽ. ചോദ്യപേപ്പർ ചോർത്താൻ രാജു സിങ് ഇയാൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു.

അതേസമയം, ചോദ്യപേപ്പർ ചോർന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ എൻ.ടി.എ കേന്ദ്രസർക്കാറും സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ പകർപ്പുകൾ ചില അഭിഭാഷകർക്ക് ലഭിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു. കേന്ദ്രവും എൻ.ടി.എയും സമർപ്പിച്ച സത്യവാങ്മൂലങ്ങൾക്ക് ഹരജിക്കാർ മറുപടി നൽകേണ്ടതുണ്ടെന്നും അതിനാൽ കേസ് മാറ്റുകയാണെന്നുമാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

Tags:    
News Summary - NEET row: 3 AIIMS Patna doctors detained before Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.