ന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പരീക്ഷകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) ഫലം പ്രസിദ്ധീകരിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ജൂലൈ 18നാണ് സുപ്രീംകോടതി പരീക്ഷ കേന്ദ്രങ്ങൾ തിരിച്ചുള്ള പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ ദേശീയ പരീക്ഷ ഏജൻസിയോട് നിർദേശിച്ചത്.
ഗുജറാത്തിലെ രാജ്കോട്ടിലുള്ള ആർ.കെ യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് സെന്ററിൽ പരീക്ഷ എഴുതിയ 85 ശതമാനം പേരും യോഗ്യത നേടി. 12 വിദ്യാർഥികൾ 700ലധികം മാർക്ക് നേടി. ഏറ്റവും ഉയർന്ന മാർക്കായ 720 ഒരാൾക്ക് ലഭിച്ചു. രണ്ടുപേർക്ക് 710, നാലുപേർക്ക് 705, ഒരാൾക്ക് 704, ഒരാൾക്ക് 701, മൂന്നുപേർക്ക് 700 എന്നിങ്ങനെയാണ് ഇവിടത്തെ ഉയർന്ന സ്കോർ. ഇവിടെ പരീക്ഷ എഴുതിയ 48 പേർക്ക് 680ന് മുകളിൽ മാർക്ക് നേടാനായി.
259 പേർ 600ലധികം മാർക്ക് നേടി. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അറസ്റ്റിലായ ഝാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലെ 701 പേർ പരീക്ഷ എഴുതി. ഇതിൽ 22 പേർക്കാണ് 600ന് മുകളിൽ മാർക്ക് ലഭിച്ചത്. രാജസ്ഥാനിലെ സിക്കാറിൽ പരീക്ഷ കേന്ദ്രമായ ആരവല്ലി പബ്ലിക് സ്കൂളിൽ 83 പേർക്ക് 600നു മുകളിൽ മാർക്ക് ലഭിച്ചു. 2321 പരീക്ഷാർഥികൾക്കാണ് 700ന് മുകളിൽ മാർക്ക് ലഭിച്ചത്. ഇതിൽ സംസ്ഥാന അടിസ്ഥാനത്തിൽ 482 പേർ രാജസ്ഥാനിൽനിന്നും 205 പേർ മഹാരാഷ്ട്രയിൽനിന്നുമാണ്.
കേരളത്തിൽനിന്ന് 194 പേർക്കും 700ന് മുകളിൽ മാർക്ക് ലഭിച്ചു. 30,204 പേർക്ക് 650ന് മുകിൽ മാർക്ക് ലഭിച്ചു. രാജസ്ഥാൻ (6697), യു.പി (3387), കേരളം (2835) എന്നിങ്ങനെയാണ് 650ന് മുകളിൽ മാർക്ക് നേടിയവർ. വിദ്യാർഥികളുടെ പേരുവിവരങ്ങൾ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വിദ്യാർഥികളുടെ വിവരങ്ങൾ ഒഴിവാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. നീറ്റുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി 22ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.