ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്- യു.ജി) ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ വീണ്ടും അറസ്റ്റ്. ഝാർഖണ്ഡിലെ ഹസാരിബാഗിൽനിന്ന് മാധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ എന്നയാളെയാണ് സി.ബി.ഐ ഒടുവിൽ അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങളിലൊന്നായ ഹസാരി ബാഗിലെ ഒയാസിസ് സ്‌കൂൾ പ്രിന്‍സിപ്പൽ ഡോ. ഇഹ്‌സാനുല്‍ ഹഖ്, എൻ.ടി.എ നിരീക്ഷകനും ഒയാസിസ് സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഇംതിയാസ് ആലം എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് ഹിന്ദി പത്രപ്രവർത്തകനായ ജമാലുദ്ദീന്റെ അറസ്റ്റ്. ഇയാൾക്കെതിരെ സാങ്കേതിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇഹ്‌സാനുൽ ഹഖിനും ഇംതിയാസ് ആലത്തിനും ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഗുജറാത്തിലെ നീറ്റ് യു.ജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ആനന്ദ്, ഖേഡ, അഹ്മദാബാദ്, ഗോധ്ര എന്നീ ജില്ലകളിലായി ഏഴിടത്ത് സി.ബി.ഐ റെയ്ഡ് നടന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ബി.ഐ ആറ് എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസും ബിഹാറിലും ഗുജറാത്തിലും ഓരോ കേസും രാജസ്ഥാനിൽ മൂന്ന് കേസുകളുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ക്രമക്കേടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി ഗോധ്ര കോടതി ചൂണ്ടിക്കാട്ടി. ഗോധ്ര പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം. രാജസ്ഥാനിലെ ജൽവാർ സർക്കാർ മെഡിക്കൽ കോളജിലെ 10 വിദ്യാർഥികൾക്ക് ചോർച്ചയിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.