കാഠ്മണ്ഡു: സിംഗപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെ , ഗുണനിലവാര പ്രശ്‌നങ്ങൾ ആരോപിച്ച് ഇന്ത്യൻ ബ്രാൻഡുകൾ നിർമ്മിക്കുന്ന കറിപ്പൊടികളുടെ വിൽപനയും ഇറക്കുമതിയും നേപ്പാളും നിരോധിച്ചു. പൊടികൾക്ക് ഗുണനിലവാരമില്ലെന്നാണ് വിലയിരുത്തൽ. രണ്ടു കറിപ്പൊടിക്കമ്പനികളുടെ മസാലകളാണ് കഴിഞ്ഞ ദിവസം നിരോധിച്ചത്.
ഇവ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാനും കമ്പനികളോട് ഭക്ഷ്യവകുപ്പ് ഉത്തരവിട്ടു. അർബുദമുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമായേക്കാവുന്ന എഥിലിൻ ഓക്സൈഡ് കറി പൊടികളിൽ അളവിൽകൂടുതലുണ്ടെന്ന ഭക്ഷ്യവകുപ്പിന്റെ സംശയത്തെത്തുടർന്നാണ് നീക്കം.
ഈ കമ്പനികളുടെ കറിപ്പൊടികൾ സിങ്കപ്പൂരും ഹോങ്‌കോങ്ങും കഴിഞ്ഞമാസം നിരോധിച്ചിരുന്നു. ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഗുണനിലവാരപരിശോധനയ്ക്ക് നടപടിയെടുത്തിരുന്നു. സുഗന്ധവ്യഞ്ജന ഉത്പാദനത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രതിവർഷം 180 രാജ്യങ്ങളിലേക്കായി 200ലേറെ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ ഇന്ത്യ കയറ്റുമതിചെയ്യുന്നുണ്ട്. 2021-22-ൽ അതിലൂടെ 400 കോടി ഡോളർ (33,319 കോടിയോളം രൂപ) ഇന്ത്യക്ക് ലഭിച്ചെന്നാണ് സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്ക്. എന്നാൽ, ഗുണനിലവാരമില്ലെന്ന ആക്ഷേപവും നിരോധനവും വലിയ തിരിച്ചടിയാകുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.