നവജാതശിശു മരിച്ചെന്ന് സ്ഥിരീകരണം: മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: നവജാത ശിശു മരിച്ചെന്ന് തെറ്റായി സ്ഥിരീകരിച്ച സംഭവത്തിൽ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കി. സംഭവത്തിൽ അധികൃതർക്കു വീഴ്ചയുണ്ടായതായി ഡൽഹി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. വീഴ്ചയുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

നവംബർ 30നാണ് മാക്സ് ആശുപത്രിയിൽ 21കാരി വർഷക്ക് ഇരട്ടകുട്ടികൾ പിറന്നത്. ഇതിൽ പെൺകുഞ്ഞ് ജനിച്ചയുടൻ മരിച്ചു. ആൺകുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും പിന്നീട് ഈ കുട്ടിയും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇരട്ടകുട്ടികളുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. 

സംസ്കാര ചടങ്ങിന് തയാറെടുക്കുമ്പോഴാണ് ഒരു കുഞ്ഞിന് ജീവനുള്ളതായി കണ്ടത്. കുട്ടിയെ പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയെ വീണ്ടും ചികിൽസക്ക് വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നു. 

തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ അധികൃതർക്ക് പരാതി നൽകിയത്. സംഭവത്തിൽ ഡോക്ടർമാരായ എം.പി മേത്ത, വിശാൽ ഗുപ്ത എന്നിവരെ മാക്സ് ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. കുട്ടിയുടെ ചികിത്സാ വകയിൽ 50 ലക്ഷം രൂപയുടെ ബിൽ നൽകിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ആശിഷ് കുമാർ മറ്റൊരു പരാതിയും പൊലീസിന് നൽകിയിട്ടുണ്ട്. 

Tags:    
News Summary - Newborn Dead Declared Case: Licence Of Delhi's Max Hospital Suspended -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.