പ്രവീൺ നെട്ടാരു വധം: പോപ്പുലർ ഫ്രണ്ടുകാരെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ പാരിതോഷികം

മംഗളൂരു: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കുറിച്ച് വിവരം കൈമാറുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ മുഹമ്മദ് മുസ്തഫ എസ് എന്ന മുസ്തഫ പൈച്ചാർ, കുടക് ജില്ലയിലെ മടിക്കേരി സ്വദേശിയായ തുഫൈൽ എം.എച്ച്, ദക്ഷിണ കന്നഡ ജില്ലക്കാരനായ ഉമറുൽ ഫാറൂഖ് എം.ആർ എന്ന ഉമർ, ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ അബൂബക്കർ സിദ്ദീഖ് (പെയിന്‍റർ സിദ്ദീഖ്/ ഗുജ്രി സിദ്ദീഖ്) എന്നിവരുടെ വിവരങ്ങളാണ് എൻ.ഐ.എ ശേഖരിക്കുന്നത്. ഇതിൽ മുഹമ്മദ് മുസ്തഫ, തുഫൈൽ എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം വീതവും ഉമറുൽ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം വീതവുമാണ് പാരിതോഷികം നൽകുക.


ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. കേരള രജിസ്ട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് കൊലപാതകം നടത്തിയത്.

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന്‍റെ അന്വേഷണം കർണാടക സർക്കാർ എൻ.ഐ.എക്ക് കൈമാറിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് പി.എഫ്.ഐ നിരോധിക്കാൻ കാരണമാവുന്ന തെളിവുകൾ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ എൻ.ഐ.എയെ സഹായിച്ചത്.

പ്രവീൺ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് കഴിയുകയായിരുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകം സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിലും (23) കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് കേസിലും സംഘ്പരിവാർ പ്രവർത്തകരാണ് പ്രതികൾ.

Tags:    
News Summary - NIA has announced a cash reward about four banned PFI members wanted in Praveen Nettaru murder case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.