ആനന്ദ് തെല്‍തുംബ്‌ഡേയുടെ ജാമ്യത്തിനെതിരെ എൻ.ഐ.എ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ എഴുത്തുകാരന്‍ ആനന്ദ് തെല്‍തുംബ്‌ഡേക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി വ്യാഴാഴ്ച അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടപ്പോൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. അപേക്ഷയുടെ പകര്‍പ്പ് ആനന്ദ് തെല്‍തുംബ്ഡേയുടെ അഭിഭാഷക അപര്‍ണ ഭട്ടിന് കൈമാറണമെന്നും നിര്‍ദേശിച്ചു.

സി.പി.​ഐ.എമ്മിന്‍റെ പോഷക സംഘടനകളായ സി.പി.ഡി.ആര്‍, അനിരുദ്ധ ഗാന്ധി മെമ്മോറിയല്‍ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയും സജീവ പ്രവര്‍ത്തകനുമാണ് ആനന്ദ് തെല്‍തുംബ്ഡേ എന്ന് എൻ.ഐ.എ ഹരജിയില്‍ പറയുന്നു. സി.പി.​ഐ.എം കേഡര്‍മാരായ മുരുഗന്‍, ജി.എന്‍. സായിബാബ എന്നിവരുടെ മോചനത്തിന് ആനന്ദ് തെല്‍തുംബ്ഡേ ശ്രമംനടത്തി. സി.പി.​ഐ.എം നിര്‍ദേശപ്രകാരം ആനന്ദ് തെല്‍തുംബ്ഡേ വസ്തുതാന്വേഷണ സമിതികള്‍ രൂപവത്കരിച്ചെന്നും പാർട്ടി അദ്ദേഹത്തിന് 10 ലക്ഷം രൂപ നല്‍കിയെന്നും ജാമ്യം എതിർത്തുള്ള ഹരജിയിൽ എൻ.ഐ.എ പറയുന്നു. എന്നാൽ, ഹരജിയിൽ പറയുന്ന സി.പി.ഐ.എം എന്നതിന്‍റെ പൂർണരൂപം എൻ.ഐ.എ വിശദീകരിച്ചിട്ടില്ല.

സി.പി.ഐ.എം പ്രത്യയശാസ്ത്രത്തിന്‍റെ പ്രചാരകനായ സഹോദരന്‍ മിലിന്ദ് തെല്‍തുംബ്ഡേയെ ചൂണ്ടിക്കാട്ടി ആനന്ദ് തെല്‍തുംബ്ഡേക്കെതിരെ ആരോപണം ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍മാത്രം നിരോധിത സംഘടനയിലേക്ക് ആനന്ദ് തെല്‍തുംബ്ഡേയെ ചേര്‍ത്തുവെക്കാനാവില്ല.

ബൗദ്ധികതലത്തില്‍ ഏറെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് ആനന്ദ് തെല്‍തുംബ്ഡേയെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. 2020 ഏപ്രിലില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംബ്ഡേക്ക് ഇക്കഴിഞ്ഞ നവംബര്‍ 18നാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്.

Tags:    
News Summary - NIA moves SC against bail granted to Anand Teltumbde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.