ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിനായി തയാറാക്കിയ കോവിൻ പോർട്ടലിൽനിന്ന് വിവരങ്ങൾ ചേർന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽനിന്ന് യാതൊരു വിവരങ്ങളും ചോർന്നിട്ടില്ല. എല്ലാവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കോവിൻ പോർട്ടലിൽനിന്ന് വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അവ പരിശോധനക്ക് വിധേയമാക്കി. പ്രഥമദൃഷ്ട്യ കോവിൻ പോർട്ടലിൽനിന്ന് വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയിട്ടില്ല -ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഓൺലൈനിലൂടെ കോവിൻ പോർട്ടൽ ശേഖരിച്ച വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ നിരവധി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രസർക്കാറിന്റെ പ്രതികരണം. വ്യക്തികളുടെ പേരുകൾ, മൊബൈൽ ഫോൺ നമ്പർ, വിലാസം, കോവിഡ് പരിശോധന ഫലം എന്നിവ ഉൾപ്പെടെ ചോർത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവ ചില ഓൺലൈൻ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും പറയുന്നു.
കോവിഡ് പരിശോധന ഫലം, വ്യക്തികളുടെ വിലാസം തുടങ്ങിയവ കോവിൻ പോർട്ടൽ ശേഖരിക്കുന്നില്ല. അതിനാൽ ഈ ആരോപണങ്ങൾ കോവിൻ പോർട്ടലുമായി ബന്ധപ്പെട്ടതല്ല എന്നാണ് പ്രഥമദൃഷ്ട്യ കണ്ടെത്തിയതെന്നും കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.