ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഡൽഹിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. ജനുവരി 30ന് ശ്രീനഗറിൽ രാഹുൽ ഗാന്ധി ത്രിവർണ്ണ പതാക ഉയർത്തുന്നതോടെ യാത്ര സമാപിക്കും. ഇതിനിടെ, രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചു. രാഹുൽ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാൻ പ്രത്യേക വലയം തീർക്കാനാണ് തീരുമാനം. സുരക്ഷ വീഴ്ച സംബന്ധിച്ച് രണ്ട് തവണ പരാതി നൽകിയിട്ടും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. യാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
യാത്ര ജമ്മു കശ്മീരിലെത്തുമ്പോൾ മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പാർട്ടിയിലേക്കുള്ള പുനഃപ്രവേശത്ത കുറിച്ച് വ്യക്തത വന്നില്ല. എന്നാൽ, യാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണം സജീവമാണ്. ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
ഡൽഹി കശ്മീരി ഗേറ്റിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് രാഹുൽ ഗാന്ധി യാത്ര ആരംഭിക്കുക. 2020 ൽ കലാപമുണ്ടായ വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ, മോജ് പൂർ, ഗോകുൽപുരി വഴി ഉത്തർപ്രദേശിലേക്ക് പ്രവേശിക്കും. ഗോകുൽ പുരിക്ക് സമീപം വച്ച് ഉത്തർപ്രദേശ് പി.സി.സി ജോഡോ യാത്രയെ സ്വീകരിക്കും.
ഇന്ന് ഉച്ചയോടെ ഉത്തർ പ്രദേശിൽ പ്രവേശിക്കുന്ന യാത്ര വരും ദിവസങ്ങളിൽ ഹരിയാനയും പഞ്ചാബും പിന്നിട്ട് ജമ്മു കാശ്മീരിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.