ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജ്യത്ത് പ്രവർത്തനം നിരോധിക്കപ്പെട്ട സംഘടനയായ പോപുലർ ഫ്രണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും (എസ്.ഡി.പി.ഐ) തമ്മിൽ ബന്ധമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇരു സംഘടനകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
സെപ്റ്റംബര്‍ 28നാണ് കേന്ദ്രസര്‍ക്കാര്‍, സുരക്ഷാഭീഷണിയും ഭീകരവാദബന്ധവും ചൂണ്ടിക്കാട്ടി പി.എഫ്.ഐയെയും അതിന്റെ അനുബന്ധ സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. യു.എ.പി.എ പ്രകാരം മൊത്തം ഒമ്പത് സംഘടനകളെ 'നിയമവിരുദ്ധം' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും കമീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ 'ഇന്ത്യടുഡേ'യോട് പറഞ്ഞതായി അവർ റിപ്പോർട്ട് ചെയ്തു. ''പി.എഫ്.ഐക്കെതിരായ നടപടിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ആവശ്യമായ എല്ലാ രേഖകളും എസ്.ഡി.പി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല'' -രാജീവ് കുമാര്‍ പറഞ്ഞു.
2009 ജൂണ്‍ 21നാണ് എസ്.ഡി.പി.ഐ രൂപീകരിച്ചു. ഇത് 2010 ഏപ്രില്‍ 13ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും എസ്.ഡി.പി.ഐ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.