ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ നേരിട്ട ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ ധീരതക്കുള്ള മെഡലിന് ശിപാർശ ചെയ്ത ഹരിയാനക്ക് പ്രഖ്യാപനം എത്തിയപ്പോൾ നിരാശ. ജൂലൈ രണ്ടിനാണ് സംസ്ഥാനം ശിപാർശ സമർപ്പിച്ചത്. കർഷക സമരത്തെ നേരിട്ട പൊലീസ് ഓഫിസർമാരുടെ നേതൃപാടവവും ധൈര്യവും ചൂണ്ടിക്കാണിച്ചായിരുന്നു ശിപാർശ. സംസ്ഥാനത്തിന്റെ നിലപാടിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം രൂക്ഷമായിരുന്നു. ഹരിയാനയുടെ ശിപാർശ തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ സ്പീക്കർ കുൽതാർ സിങ് സാന്ധവൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ശിപാർശകൾ തള്ളണമെന്ന് കഴിഞ്ഞമാസം പാർലമെന്റിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കർഷക സംഘടന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഐ.പി.എസ് ഓഫിസർമാരായ സിബാഷ് കബിരാജ്, ജഷൻദീപ് സിങ് രൺധാവ, സുമിത് കുമാർ, ഹരിയാന പൊലീസ് ഓഫിസർമാരായ നരേന്ദർ സിങ്, രാം കുമാർ, അമിത് ഭാട്ടിയ എന്നിവരെയാണ് ഹരിയാന സർക്കാർ ധീരതക്കുള്ള മെഡലുകൾക്കായി നിർദേശിച്ചത്. വിഷയം ചൂണ്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജിയുമെത്തി. തുടർന്ന് ആഗസ്റ്റ് 12ന്, ഹരിയാനയുടെ ശിപാർശയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.