ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്തക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ ഇന്ത്യ ഗേറ്റിന് സമീപത്തെ നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതിനും നിരോധനം. ഇന്ത്യ ഗേറ്റിന് സമീപത്തെ നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചു.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പത് വിപുലപ്പെടുത്തി പുതിയ പാർലമെന്‍റ് മന്ദിരവും കേന്ദ്ര സെക്രട്ടറിയറ്റും നിർമിച്ച് ഭരണസിരാകേന്ദ്രം നവീകരിക്കുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. നവീകരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും ഉൾപ്പെടും.
2022 ആഗസ്റ്റിൽ പാർലമെന്‍റ് മന്ദിരം പൂർത്തീകരിക്കാനാണ് ശ്രമം. 11 മന്ദിരങ്ങൾ അടങ്ങുന്ന സമ്പൂർണ വിസ്ത പദ്ധതി 2024ൽ പൂർത്തിയാക്കാനാണ് നീക്കം. ഏകദേശം 20,000 കോടി രൂപ പദ്ധതിക്ക് ചെലവ് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.