തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ വിദ്വേഷ, രാഷ്ട്രീയ പ്രസംഗങ്ങൾ വേണ്ട; വിലക്കുമായി ക്ഷേത്രം അധികൃതർ

തിരുമല: തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ രാഷ്ട്രീയ, വിദ്വേഷ പ്രസംഗങ്ങൾക്ക് വിലക്കുമായി തിരുമല ദേവസ്ഥാനം. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തിരുപ്പതി ക്ഷേത്രത്തിൽ ഭഗവാന്റെ പേര് മാത്രമാണ് മുഴങ്ങി കേൾക്കേണ്ടതെന്ന് ദേവസ്വത്തിന്റെ ഉത്തരവിൽ പറയുന്നത്.

ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം ചില രാഷ്ട്രീയനേതാക്കളും മറ്റ് ചിലരും വിദ്വേഷ പ്രസംഗം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും ദേവസ്ഥാനം വിശദീകരിക്കുന്നുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാവുമെന്നും ​ക്ഷേത്രം അധികൃതർ വിശദീകരിച്ചു.

നേരത്തെ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ്‌ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈ.എസ്.ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചിരുന്നു.

തന്റെ സർക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജഗൻമോഹൻ റെഡ്ഡിയും പ്രതികരിച്ചു. ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള കമ്പനികളിൽ നിന്നെത്തുന്ന നെയ്യ് ആണ് ലഡു ഉണ്ടാക്കാനായി ഉപയോഗിച്ചത്. ഈ ലാബ് പരിശോധനകൾക്ക് പുറമെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലും നെയ്യുടെ ഗുണനിലവാരം വിലയിരുത്താനായി പരിശോധനകൾ നടത്താറുണ്ട്. വർഷങ്ങളായി ഈ നടപടി ക്രമങ്ങൾ പാലിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Tags:    
News Summary - No political, hate speeches in Triumala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.