മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം കഴിഞ്ഞതോടെ വിമത ഭീഷണിയുമായി ഇരുമുന്നണികളും. 288 മണ്ഡലങ്ങളിലേക്കായി 7,995 പേരാണ് ചൊവ്വാഴ്ചയോടെ പത്രിക നൽകിയത്. ഭരണപക്ഷ സഖ്യമായ മഹായുതിക്ക് വിമതരാണ് തലവേദനയെങ്കിൽ വിമതർക്കൊപ്പം മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിലുള്ള സൗഹൃദ മത്സരവും പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയെ (എം.വി.എ) പ്രതിസന്ധിയിലാക്കുന്നു. ഇരു മുന്നണികൾക്കും നൂറിലേറെ വിമതരുണ്ട്. പലരും വിധിനിർണയത്തെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണ്. മുൻ എം.പി ഗോപാൽ ഷെട്ടി, അതുൽ ഷാ തുടങ്ങിയവരാണ് ബി.ജെ.പിയെ കുഴക്കുന്ന വിമതരിൽ പ്രമുഖർ.
തങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ബി.ജെ.പി നേതാക്കൾ മത്സരിക്കുന്നതിൽ ഷിൻഡെ പക്ഷത്തിന് അതൃപ്തിയുണ്ട്. സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഷിൻഡെ പക്ഷത്ത് ചേർന്നാണ് ഷാഹിന എൻ.സി അടക്കമുള്ള ബി.ജെ.പിക്കാർ സ്ഥാനാർഥിയായത്. എം.വി.എയിൽ ഒമ്പതോളം സീറ്റിൽ ‘സൗഹൃദ മത്സര’ത്തിന് സാധ്യതയുണ്ട്. ചർച്ചക്കായി നേതാക്കളായ നാന പടോലെ, ബാലാസാഹെബ് തോറാട്ട്, വിജയ് വഡെതിവാർ എന്നിവരെ ചുമതലപ്പെടുത്തിയതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
എം.വി.എയുടെ സംയുക്തറാലി ബുധനാഴ്ച മുംബൈയിൽ നടക്കും. സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അന്ന് പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവർ പങ്കെടുക്കും.
മഹായുതിയിൽ 152 സീറ്റിൽ ബി.ജെ.പിയും 80ൽ ഷിൻഡെ പക്ഷവും 52ൽ അജിത് പവാർ പക്ഷവും മത്സരിക്കുന്നു. എം.വി.എയിൽ കോൺഗ്രസ് 101 സീറ്റിലും ഉദ്ധവ് പക്ഷം 96ലും പവാർ പക്ഷം 87ലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.