ജന്മം കൊണ്ട് മുസ്‍ലിമല്ല; ജാതി സർട്ടിഫിക്കറ്റ് കേസിൽ സമീർ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

മുംബൈ: ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയെന്ന കേസിൽ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ മുൻ മേധാവി സമീർ വാങ്കഡെക്ക് ക്ലീൻ ചിറ്റ്. സർക്കാർ ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്നവകാശപ്പെട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നവാബ് മാലിക് രംഗത്തുവന്നതോടെയാണ് വാങ്കഡെ വെട്ടിലായത്. വാങ്കഡെ മുസ്‍ലിം ആണെന്നും എന്നാൽ ജോലി നേടിയത് സംവരണ വിഭാഗത്തിലാണെന്നുമാണ് മാലിക് ആരോപിച്ചത്.

എന്നാൽ വാങ്കഡെ ജന്മം കൊണ്ട് മുസ്‍ലിം അല്ലെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റ് കമ്മിറ്റി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. വാങ്കഡെയും പിതാവും ഇസ്‍ലാം മതം സ്വീകരിച്ചതിന് തെളിവില്ലെന്നും എന്നാൽ അവർ പിന്നാക്ക വിഭാഗത്തിൽപെട്ട മഹർ-37 വിഭാഗത്തിൽ പെട്ടവരാണെന്നത് തെളിയിക്കപ്പെട്ട കാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ സമീർ വാങ്കഡെ ഡൽഹിയിലെ ഷെഡ്യൂൾഡ് കാസ്റ്റ് നാഷനൽ കമ്മീഷൻ സന്ദർശിച്ച് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്ര സർക്കാർ സ്ഥിരീകരിച്ച ജാതി സർട്ടിഫിക്കറ്റ് ആണ് വാങ്കഡെ ഹാജരാക്കിയതെന്ന് കമ്മീഷൻ ചെയർമാൻ വിജയ് സാംപ്ല വ്യക്തമാക്കി. രേഖകൾ നിയമ സാധുതയുള്ളതാണെങ്കിൽ ആർക്കും നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷെഡ്യൂൾഡ് കാസ്റ്റ് നാഷനൽ കമ്മീഷൻ വൈസ്ചെയർമാൻ അരുൺ ഹൽദാർ കഴിഞ്ഞ ഒക്ടോബറിൽ വാങ്കഡെയുടെ താമസ സ്ഥ​ലത്തെത്തി രേഖകൾ പരിശോധിച്ചിരുന്നു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്ന് കടത്ത് കേസിൽ കുടുക്കി ജയിലിലാക്കിയതിനു പിന്നാലെയാണ് വാങ്കഡെക്കെതിരെ ആരോപണവുമായി എൻ.സി.പി നേതാവ് കൂടിയായ മാലിക് രംഗത്തുവന്നത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ മറുപടി നൽകുകയും ചെയ്തിരുന്നു. 

Tags:    
News Summary - Not a Muslim by birth': Ex-NCB officer Sameer Wankhede gets clean-chit in caste certificate case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.