ജയ്പൂർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട പാക് സുഹൃത്തിനെ കാണാൻ അതിർത്തി കടന്ന അഞ്ജു എന്ന യുവതി വിവാഹിതയായെന്ന് വാർത്തകൾ വന്നതോടെ പ്രതികരണവുമായി ഭർത്താവ് രംഗത്ത്. തങ്ങൾ ഇതുവരെ വിവാഹമോചിതരായിട്ടില്ലെന്നും അതിനാൽ അഞ്ജുവിന് വേറെ വിവാഹം കഴിക്കാനാകില്ലെന്നും ഭർത്താവ് അരവിന്ദ് കുമാർ രാജസ്ഥാനിലെ അൾവാറിൽ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ഡൽഹി കോടതിയിൽ വിവാഹ മോചന അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. എന്നാൽ എനിക്ക് ഇതുവരെ കോടതിയിൽ നിന്ന് സമൻസോ നോട്ടീസോ ലഭിച്ചിട്ടില്ല. ഔദ്യോഗിക രേഖകളിൽ അവൾ ഇപ്പോഴും എന്റെ ഭാര്യയാണ്, അവൾക്ക് മറ്റാരെയും വിവാഹം കഴിക്കാൻ കഴിയില്ല. വിഷയം സർക്കാർ അന്വേഷിക്കണം -അരവിന്ദ് കുമാർ ആവശ്യപ്പെട്ടു.
വ്യാജ രേഖകളും ഒപ്പും ഉപയോഗിച്ചാണോ പാകിസ്താനിലേക്ക് യാത്ര ചെയ്തതെന്ന് പരിശോധിക്കാൻ അവളുടെ പാസ്‌പോർട്ട്, വിസ രേഖകൾ സർക്കാർ അന്വേഷിക്കണം. വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനെക്കുറിച്ച് അവൾ എന്നെ അറിയിച്ചില്ല. അഞ്ജു ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ കേസ് നൽകും. അഞ്ജുവിനെ അമ്മയായി ഇനി അംഗീകരിക്കില്ലെന്ന് മകൾ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ അഞ്ജുവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. അഞ്ജു ഇത്തരമൊരു കാര്യം ചെയ്യുമെന്നും ഒരിക്കലും കരുതിയില്ല -ഭർത്താവ് പറഞ്ഞു.
തങ്ങളുടേത് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. കുട്ടികൾക്കൊപ്പം നന്നായിട്ടായിരുന്നു ജീവിച്ചിരുന്നത്. കുട്ടികൾ തന്നോടൊപ്പമാണ് ജീവിക്കേണ്ടത്. അഞ്ജുവിന്‍റെ വിസയും പാസ്‌പോർട്ടും സർക്കാർ റദ്ദാക്കണം. അവളെ ഇനി പോകാൻ അനുവദിക്കരുതെന്നും അരവിന്ദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയിൽ ജനിച്ച് രാജസ്ഥാനിൽ താമസിച്ചിരുന്ന അഞ്ജു എന്ന 34കാരി, 15ഉം 6ഉം വയസ്സുള്ള മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് അതിർത്തി കടന്നത്. 2019 മുതൽ ഫേസ്ബുക്കിൽ പരിചയത്തിലായ സുഹൃത്തിനെ കാണാനാണ് പോകുന്നതെന്ന് പിന്നീട് അറിയിച്ചു. 30 ദിവസത്തേക്കാണ് പാക് വിസ അനുവദിച്ചിരുന്നത്. വിസ തീരുന്ന മുറക്ക് ആഗസ്റ്റ് 20ന് തിരിച്ചുവരുമെന്നും പറഞ്ഞിരുന്നു. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അപ്പർ ദർ ജില്ലയിലെ വിദൂര ഗ്രാമത്തിലേക്കാണ് ഔദ്യോഗിക അനുമതിയോടെ അഞ്ജു പോയത്.
എന്നാൽ, യുവതി മതംമാറി ഫാത്തിമ എന്നു പേരു സ്വീകരിച്ച് മതപരമായ ചടങ്ങുകളോടെ വിവാഹിതരായെന്നാണ് കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. 29കാരനായ നസ്റുല്ലയെയാണ് വിവാഹം ചെയ്തത്.
ജയ്പൂരിലേക്കെന്നു പറഞ്ഞാണ് വീടുവിട്ടതെന്നും പിന്നീടാണ് പാകിസ്താനിലാണെന്ന് അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. തങ്ങൾക്ക് ഇനി അവളുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യ വിട്ട നിമിഷം അവളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെന്നും യുവതിയുടെ പിതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.