പുതിയ പാർട്ടി ഉണ്ടാക്കില്ല; അടുത്തത്​ എന്താണെന്ന്​ പറയാനാകില്ല -ഗുലാം നബി ആസാദ്​

ശ്രീനഗർ: രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ അറിയില്ലെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താൻ ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. എൻ.ഡി ടി.വിക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുമായി തുടരുന്ന ഗുലാംനബിയുടെ വെളിപ്പെടുത്തൽ.

ജമ്മു കശ്മീരിലുടനീളം ആസാദ് നടത്തിയ നിരവധി യോഗങ്ങൾ അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ വിശ്വസ്തരായ 20 പേർ കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചതാണ് ചർച്ചക്ക്​ കാരണമായത്. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് റാലികൾ ഉദ്ദേശിക്കുന്നതെന്ന് ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് വിമർശനത്തിന് സ്ഥാനമില്ലെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി കോൺഗ്രസിന്‍റെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആസാദ് പറഞ്ഞു.

'ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ഒരുപക്ഷെ, ഇന്ദിരാഗാന്ധിയും രാജീവ് ജിയും കാര്യങ്ങൾ തെറ്റായി പോകുമ്പോൾ ചോദ്യം ചെയ്യാനുള്ള അമിത സ്വാതന്ത്ര്യം നൽകിയിട്ടുണ്ടാകാം. അവർ ഒരിക്കലും വിമർശനത്തെ കാര്യമാക്കിയില്ല. അവർ അതിനെ അപകീർത്തികരമായി കാണില്ല. ഇന്ന് നേതൃത്വം അതിനെ അപമാനകരമായി കാണുന്നു'. റമ്പാനിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം എൻ.ഡി ടി.വിയോട് പറഞ്ഞു. 'രാജീവ് ജി രാഷ്ട്രീയത്തിൽ വന്നപ്പോൾ, ഇന്ദിരാഗാന്ധി ഞങ്ങളെ രണ്ടുപേരെയും വിളിച്ച് രാജീവ് ജിയോട് പറഞ്ഞു, ഗുലാം നബിക്ക് എന്നെ വേണ്ടെന്ന് പോലും പറയാൻ കഴിയും, എന്നാൽ അനുസരണക്കേട് അല്ലെങ്കിൽ അനാദരവ് എന്നല്ല അർത്ഥമാക്കുന്നത്, അത് പാർട്ടിയുടെ നന്മക്കാണ്. ഇന്ന് ആരും ഇല്ല. ആരും കേൾക്കാൻ തയ്യാറല്ല -അദ്ദേഹം പറഞ്ഞു.

താൻ എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയാത്തതുപോലെ രാഷ്ട്രീയത്തിൽ ഇനിയെന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ഇനിയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ലക്ഷക്കണക്കിന് പിന്തുണക്കാർക്ക് വേണ്ടി തുടരാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Not Launching Party But...": Congress 'Rebel' Ghulam Nabi Azad To NDTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.