അധികാരത്തിൽ എട്ട് വർഷം തുടർന്നിട്ടും ജീവിക്കാൻ സുരതക്ഷിതസാഹചര്യമൊരുക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി കശ്മീരി പണ്ഡിറ്റുകൾ രംഗത്ത്. കഴിഞ്ഞ ദിവസം തീവ്രവാദ ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥനും കശ്മീരി പണ്ഡിറ്റുമായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതിഷേധത്തിലാണ് ഇവരുടെ പ്രതികരണം.
"മോദി ഹായേ ഹായേ, അമിത് ഷാ ഹായേ ഹായേ", രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവരുടെ രോഷം സമൂഹമാധ്യമങ്ങളിലും അലയടിക്കുകയാണ്. "ഇവിടെ തീവ്രവാദമില്ലെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്ന സാഹചര്യത്തിലാണ് പണ്ഡിറ്റ് സമുദായക്കാരനായ രാഹുൽ ഭട്ടിനെ തീവ്രവാദികൾ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇതുപോലെ എത്ര ക്രൂരതകൾ. താഴ്വരയുടെ സൗന്ദര്യത്തിനപ്പുറത്ത് പറഞ്ഞുകേൾക്കാത്ത രാഷ്ട്രീയ ശൂന്യതയുണ്ടിവിടെ" -കശ്മീരി പണ്ഡിറ്റ് നേതാവ് പറയുന്നു.
പുതിയതായി കുടിയേറിയ 8,500 വരുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ കേന്ദ്ര സർക്കാർ കണ്ണടക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് പുനരധിവസിപ്പിക്കാമെന്ന വാഗ്ദാനങ്ങൾ നിരത്തിയ സർക്കാർ, ജയിച്ചശേഷം പദ്ധതികൾ ഒന്നും കൊണ്ടുവരുന്നില്ല എന്ന് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി (കെ.പി.എസ്.എസ്) നേതാവ് സഞ്ജയ് ഠികു പറഞ്ഞു. "ഉള്ളതൊന്നും പര്യാപ്തവുമല്ല" -അദ്ദേഹം പറഞ്ഞു.
'ദി കശ്മീർ ഫയൽസ്' എന്ന ബോളിവുഡ് സിനിമ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി ആഘോഷമാക്കുമ്പോഴും ചിത്രം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ പറയുന്നു.
ഇവിടെ കശ്മീരി പണ്ഡിറ്റുകളുടെ ജീവൻ ഒട്ടും സുരക്ഷിതമല്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ പ്രസ്താവന പ്രകാരം 2019 മുതൽ കശ്മീരിൽ കൊല്ലപ്പെട്ട 14 ഹിന്ദുക്കളിൽ നാലുപേരും പണ്ഡിറ്റുകളാണ്.
ചാദൂരയിലെ തഹസിൽ ഓഫിസിൽ കശ്മീരി പണ്ഡിറ്റുകൾക്കായുള്ള പ്രത്യേക തസ്തികയിൽ ജോലി ലഭിച്ചയാളാണ് രാഹുൽ ഭട്ട്. ഏപ്രിൽ 12ന് രണ്ട് ലഷ്കറെ ത്വയ്യിബ ഭീകരർ ജോലി സ്ഥലത്ത് കയറി അദ്ദേഹത്തെ വെടിവെച്ചുകൊന്നു. 'ജോലിസ്ഥലത്ത് ഒട്ടും സുരക്ഷിതനായിരുന്നില്ല എന്ന് ഭട്ട് പറയുമായിരുന്നു'വെന്ന് ഭാര്യ മീനാക്ഷി ഓർക്കുന്നു.
കൊല നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ലെഫ്. ഗവർണർ മനോജ് സിൻഹ നടപടി കൈക്കൊള്ളാത്തതിലും പണ്ഡിറ്റുകൾക്കിടയിൽ രോഷം പുകയുന്നുണ്ട്. പ്രതിഷേധിച്ച പണ്ഡിറ്റുകൾക്ക് നേർ പൊലീസ് ബലപ്രയോഗം നടത്തിയതും വൻ രോഷത്തിന് വഴിവെച്ചിട്ടുണ്ട്.
പണ്ഡിറ്റുകളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചോദിച്ചറിയാത്ത സർക്കാർ അവർക്കായി പുനരധിവാസത്തിനായി പദ്ധതികൾ ഒരുക്കുന്നില്ല. "കശ്മീരിലുള്ള സ്ഥലം വിട്ടുകിട്ടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ സമീപിച്ചു. ഒരു സഹായവും ലഭിച്ചില്ല," രമേശ് കൗൾ പറയുന്നു.
ചേരിതിരിവുകൾ
കശ്മീർ താഴ്വരയിൽ ഏഴ് താൽക്കാലിക ക്യാമ്പുകളുണ്ട്. പുനരധിവാസത്തിനായി ചേരിതിരിച്ച് ഒറ്റപ്പെടുത്താതെ കശ്മീരി മുസ്‍ലിം ജനതയുമായി ചേർന്ന് ജീവിക്കുവാൻ കഴിയണമെന്നതാണ് അവരുടെ ആവശ്യം. ആശ്വാസത്തുക 13,000ത്തിൽ നിന്ന് 25,000 രൂപ ആക്കാനും മാസങ്ങളായി ഇവർ പ്രതിഷേധത്തിലാണ്. "ഇവിടെ ഒന്നും സാധാരണഗതിയിലല്ല. ഞങ്ങളുടെ ദുരിതമറിയണമെങ്കിൽ അതിനെ പറ്റി സർക്കാർ സംസാരിച്ചുതുടങ്ങണം," കെ.പി.എസ്.എസ് നേതാവ് സഞ്ജയ് ഠികു പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 17 ശതമാനം കശ്മീരി പണ്ഡിറ്റുകളെ മാത്രമാണ് പുനരധിവസിപ്പിച്ചത്. ഉറപ്പുപറഞ്ഞതിന്‍റെ 50 ശതമാനം പോലും താമസസൗകര്യങ്ങളും നിർമിച്ചിട്ടില്ല. അവസാനമായുണ്ടായ നടപടി ഏപ്രിൽ ഒന്നിന് കോൺഗ്രസ് അംഗമായ വിവേക് തങ്ക കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായുള്ള സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചതാണ്.
'ദി കശ്മീർ ഫയൽസിലെ' രാഷ്ട്രീയം
കശ്മീർ ഫയൽസ് എന്ന ചിത്രം ബി.ജെ.പി സർക്കാർ ആഘോഷിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ടിക്കറ്റിന് നികുതിയും ഒഴിവാക്കി. എന്നാൽ ചിത്രം ശരിയായ രീതിയിലല്ല സംഭവങ്ങൾ പങ്കുവക്കുന്നത് എന്ന് സഞ്ജയ് ഠികു പറയുന്നു.
കശ്മീരിൽ നിന്ന് പലായനം ചെയ്യുമ്പോൾ സഹായത്തിനെത്തിയ ടാക്സി ഡ്രൈവർ മഖ്ബൂലിനെ പണ്ഡിറ്റായ രവീന്ദർ പണ്ഡിത ഓർക്കുന്നു. കശ്മീരി മുസ്‍ലിംകളെ ജിഹാദികളായാണ് ചിത്രം അവതരിപ്പിക്കുന്നത്. "70 വർഷങ്ങൾ ഇന്ത്യക്കാരായി ജീവിച്ച അവർ എങ്ങനെ ഇത് സഹിച്ചിട്ടുണ്ടാകും" -ഠികു ചോദിക്കുന്നു.
ചിത്രം സിഖ് ജനതക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നില്ല. മുസ്ലിം സമുദായത്തെ ഒന്നിച്ച് തെറ്റായി മുദ്രകുത്തുന്നുമുണ്ട്. ഇത് ദോഷം മാത്രമേ ചെയ്യുകയുള്ളു. കശ്മീരിൽ ഈ വിദ്വേഷം പ്രചരിപ്പിച്ചാൽ സ്ഥിതി മോശമാകും. ഇനിയും ഞങ്ങളിൽ വെറുപ്പ് അടിച്ചേൽപ്പിക്കരുതെന്നും കോൾ പറയുന്നു. ന്യൂനപക്ഷവിഭാഗത്തെ കൊലപ്പെടുത്തുന്നത് വർദ്ധിക്കുന്നുവെന്നും ബദ്ഗാമിലെ പണ്ഡിറ്റുകൾ നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.