നൂപുർ ശർമയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി; കേസുകളെല്ലാം ഡൽഹിയിലേക്ക്

ന്യൂഡൽഹി: പ്രവാചക നിന്ദക്ക് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഡൽഹിയിലേക്ക് മാറ്റണമെന്ന ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

അന്വേഷണം പൂർത്തിയാകുന്നതുവരെ അറസ്റ്റിൽനിന്ന് സംരക്ഷണവും സുപ്രീംകോടതി നൽകി. വിവിധ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി അവർക്ക് ഡൽഹി ഹൈകോടതിയെ സമീപിക്കാമെന്നും നൂപുർ ശർമക്ക് അനുകൂലമായ വിധിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.പി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ അതിരൂക്ഷ വിമർശനം നടത്തി ആവശ്യം തള്ളിയ ബെഞ്ചാണ് വീണ്ടും അനുകൂല വിധി പുറപ്പെടുവിച്ചത്. ഡൽഹി പൊലീസിന് പകരം പ്രവാചക നിന്ദ അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ ഏൽപിക്കണമെന്ന പശ്ചിമ ബംഗാൾ സർക്കാറിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു.

പശ്ചിമ ബംഗാൾ അടക്കം ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലാണ് നൂപുർ ശർമക്കെതിരെ കൂടുതലും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശർമക്കെതിരായ ആദ്യ കേസ് ഡൽഹിയിൽ അല്ലെന്നും മുംബൈയിലാണെന്നും ബംഗാൾ സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. മേനക ഗുരുസ്വാമി വാദിച്ചു. തനിക്കെതിരായ ഭീഷണിക്കെതിരെ നൂപുർ ശർമ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. എന്നിട്ടും എന്തുകൊണ്ടാണ് ഡൽഹിയിലേക്ക് കേസ് മാറ്റണമെന്ന് നൂപുർ ശർമ ആവശ്യപ്പെടുന്നതെന്ന് ഗുരുസ്വാമി ചോദിച്ചു.

പ്രശ്നത്തിന്‍റെ ഗൗരവവും ജനാധിപത്യത്തിന് അതുണ്ടാക്കിയ പ്രത്യാഘാതവും നിയമവാഴ്ചയിൽ സൃഷ്ടിച്ച കളങ്കവും കോടതി പരിഗണിക്കണം. ചില സംസ്ഥാന സർക്കാറുകൾ ശർമയെ പിന്തുണക്കുന്ന കാര്യവും ഗുരുസ്വാമി ഓർമിപ്പിച്ചു.

എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളിയ സുപ്രീംകോടതി ബെഞ്ച് നൂപുർ ശർമക്ക് വേണ്ടി മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് നിരത്തിയ വാദങ്ങൾ അംഗീകരിച്ചു.

കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസിലെ ഐ.എഫ്.എസ്.ഒ വിഭാഗം പ്രത്യേക പരിശീലനം നേടിയവരാണെന്ന് ബെഞ്ച് മറുപടി നൽകി. എല്ലാ എഫ്.ഐ.ആറുകളും ഒന്നാക്കി ഡൽഹി പൊലീസിനെ അന്വേഷണ ചുമതല ഏൽപിക്കാമെന്നും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിവരം ശേഖരിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Noting Death Threat To Nupur Sharma, Supreme Court Offers Her Relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.