അമൃത്‌സർ: പഞ്ചാബിലെ അമൃത്സറിൽ ഭാര്യയുടെയും മക്കളുടെയും മുമ്പിൽവെച്ച് ആയുധധാരികളായ അജ്ഞാതർ പ്രവാസിക്ക് നേരെ വെടിയുതിർത്തു. നഗരപ്രാന്തത്തിലെ ദാബുർജി ഗ്രാമത്തിൽ പ്രവാസിയായ സുഖ്‌ചെയ്ൻ സിങ്ങിന്‍റെ നേരയാണ് ആയുധധാരികളായ രണ്ടംഗ സംഘം നിരവധി തവണ വെടിയുതിർത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അക്രമികൾ ഗേറ്റിന് പുറത്ത് ബൈക്ക് നിർത്തിയ ശേഷം വീട്ടിലേക്ക് വരുന്നതിന്‍റെയും വീടിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയും കുട്ടികളും അക്രമികളോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രണ്ടാം ഭാര്യയുടെയും ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളുടെയും സാന്നിധ്യത്തിലാണ് സംഭവം. അടുത്തിടെയാണ് സുഖ്‌ചെയ്ൻ സിങ് അമേരിക്കയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയത്.
പ്രഭാതസവാരിക്ക് പോകാനൊരുങ്ങിയ പ്രവാസിയെ അക്രമികൾ തടയുകയും ആഡംബര കാറിന്‍റെ രജിസ്ട്രേഷൻ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. പ്രവാസിയും അക്രമികളും തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം പ്രവാസിയെ മർദിച്ച സംഘം മൂന്നു തവണ വെടിയുതിർത്ത ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. വെടിയുണ്ടകൾ രണ്ടെണ്ണം പ്രവാസിയുടെ തലയിലും നെഞ്ചിലുമാണ് പതിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നിൽ പ്രവാസിയുടെ ആദ്യ ഭാര്യയുടെ കുടുംബമാണെന്ന് രണ്ടാം ഭാര്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.