പ്രണയം നിരസിച്ചതിന്‍റെ പേരിൽ നഴ്സിനെ ആശുപത്രി ജീവനക്കാരൻ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലെ വാർഡിൽ വെച്ചാണ് 26കാരിയായ നഴ്സിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ വാർഡ് ബോയ് റിതേഷ് ശാക്യ പൊലീസിൽ കീഴടങ്ങി.
നേഹ ചന്ദേൽ എന്ന ഇരുപത്താറുകാരിയാണ് ജോലിക്കിടെ ആശുപത്രിക്കുള്ളിൽ കൊല്ലപ്പെട്ടത്. പിസ്റ്റൾ ഉപയോഗിച്ച് നേഹയുടെ തലയിലേക്കാണ് റിതേഷ് ശാക്യ വെടിവെച്ചത്. നാടൻ പിസ്റ്റൾ തോക്ക് ഉപയോഗിച്ചായിരുന്നു കൃത്യമെന്ന് ബിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നാലെ തന്നെ റിതേഷ് ശാക്യ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ പ്രതി നേഹ ചന്ദേലിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരുന്ന നഴ്സ് ഇത് നിരസിച്ചു. മാസങ്ങളോളം ഇയാൾ ഈ ആവശ്യം ഉയർത്തി ശല്യം ചെയ്തെങ്കിലും യുവതി അവഗണിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നൂറോളം നഴ്സുമാർ ചേർന്ന് സമരം നടത്തി. പ്രതിഷേധം മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ.അജിത് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.