ഒഡിഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത 15 മൃതദേഹങ്ങൾക്ക് ഒന്നിലേറെ അവകാശികൾ; ഡി.എൻ.എ ടെസ്റ്റ് നടത്തി തിരിച്ചറിഞ്ഞു

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിൽ മരിച്ച 29 പേരെ കൂടി തിരിച്ചറിഞ്ഞു. 15 മൃതദേഹങ്ങൾക്ക് ഒന്നിൽ കൂടുതൽ അവകാശികൾ എത്തിയതോ​ടെ ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

ഭുവനേശ്വർ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന 81 മൃതദേഹങ്ങളുടെ ഡി.എൻ.എ ടെസ്റ്റാണ് നടത്തിയത്. ഇതിൽ

ആറ് കുടുംബങ്ങൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയതായി റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും അവരവരുടെ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മേയർ സുലോചന ദാസ് പറഞ്ഞു. മൃതദേഹങ്ങൾ ഏറ്റുവാങ്ങിയവർക്ക് ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായവും നൽകി.

ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരുടെയും ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുടേയും മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂണ്‍ രണ്ടിനായിരുന്നു ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 292 പേരുടെ മരണത്തിനിടയാക്കിയ നടുക്കുന്ന ദുരന്തം. കോറമാണ്ഡല്‍ -ചെന്നൈ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയും പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂര്‍ -ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) 52 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.

ട്രെയിൻ ദുരന്തത്തില്‍ റെയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ സ്ഥലം മാറ്റി. പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്രയെ നിയമിച്ചു. ജൂൺ 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ 'പതിവ് രീതി' അനുസരിച്ച് മാത്രമാണെന്നായിരുന്നു റെയിൽവെയുടെ വിശദീകരണം.

സ്ഥലംമാറ്റിയ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു. ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയിൽവെയുടെ നടപടി.

അപകടത്തിൽ അന്വേഷണം നടത്തുന്ന സി ബി ഐ സംഘം നേരത്തെ ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. 

Tags:    
News Summary - Odisha Train accident: 29 Victims Identified Via DNA Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.