ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ഉസ്മാനിയ സർവകലാശാലയുടെ പഴയ ലോഗോ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ കാമ്പയിൻ ശ്രദ്ധനേടുന്നു.
ആവശ്യത്തോട് തെലങ്കാന സർക്കാർ അനുകൂലമായി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കാമ്പയിനിൽ 25,000ലേറെ പേരാണ് ഒപ്പിട്ടത്. അതേസമയം, ലോഗോയിലെ മാറ്റം ഇപ്പോഴുണ്ടായതല്ലെന്നും തങ്ങൾക്ക് ബന്ധമില്ലെന്നുമാണ് ടി.ആർ.എസ് സർക്കാറിെൻറ നിലപാട്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സർവകലാശാലയുടെ ലോഗോയിൽനിന്ന് ഉർദുവിലും അറബിയിലുമുള്ള വാക്കുകൾ ഒഴിവാക്കി തെലുഗു, സംസ്കൃത വാക്കുകൾ ചേർത്ത് ലോഗോ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദം.
ഉർദു ഈ പ്രദേശത്തിെൻറ അവിഭാജ്യ ഘടകമാണെന്നും ലോഗോയിൽനിന്ന് അതൊഴിവാക്കിയത് അന്യായമാണെന്നും കാമ്പയിന് തുടക്കം കുറിച്ച സുഹൈർ മദനി പറഞ്ഞു. ഓൺലൈൻ കാമ്പയിൻ പ്ലാറ്റ്ഫോമായ 'ചെയ്ഞ്ച്. ഓർഗി'ൽ കഴിഞ്ഞയാഴ്ചയാണ് കാമ്പയിൻ തുടങ്ങിയത്. അവസാനത്തെ ഹൈദരാബാദ് നിസാമായിരുന്ന മിർ ഉസ്മാൻ അലി ഖാനാണ് 1918ൽ ഉസ്മാനിയ സർവകലാശാല സ്ഥാപിച്ചത്. ഒരു ഇന്ത്യൻ ഭാഷ അധ്യയന മാധ്യമമായി ആരംഭിച്ച രാജ്യത്തെ ആദ്യ സർവകലാശാലയാണിത്.
1948ൽ പൊലീസ് നടപടിയിലൂടെ ഹൈദരാബാദിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കുന്നതു വരെ ഇവിടെ വൈദ്യം, എൻജിനീയറിങ് ഉൾപ്പെടെയുള്ളവ ഉർദു ഭാഷയിലാണ് പഠിപ്പിച്ചിരുന്നത്. 1948നു ശേഷം അധ്യയന ഭാഷ ഉർദുവിന് പകരം ഇംഗ്ലീഷ് ആക്കിയതുൾപ്പെടെ വാഴ്സിറ്റിയുടെ സ്വഭാവത്തിൽ അടിമുടി മാറ്റമാണുണ്ടായത്. വിവിധ സർക്കാറുകൾക്ക് കീഴിൽ ലോഗോയിൽ ക്രമാനുഗതമായ മാറ്റങ്ങളും വന്നു. യഥാർഥ ലോഗോയിൽ ഹൈദരാബാദ് നിസാമിെൻറ കിരീടമാണ് മുകളിലുണ്ടായിരുന്നത്. അതിന് മേലെ 'നൂറുൻ അലാ നൂർ' (വെളിച്ചത്തിന് മേൽ വെളിച്ചം) എന്ന ഖുർആൻ സൂക്തവുമുണ്ടായിരുന്നു. ഇതിന് താഴെ 'ഞാൻ അറിവിെൻറ പട്ടണമാകുന്നു, അലി അതിെൻറ വാതിലും' എന്ന പ്രവാചക വചനവും ഉണ്ടായിരുന്നു. ഏറ്റവും താഴെ ഉർദുവിൽ 'ജാമിഅ ഉസ്മാനിയ' (ഉസ്മാനിയ സർവകലാശാല) എന്നും ചേർത്തിരുന്നു.
മിർ ഉസ്മാൻ അലിഖാെൻറ പേരിെൻറ ആദ്യത്തെ സൂചിപ്പിക്കുന്ന ഉർദു \ അറബി അക്ഷരമായ 'ഐൻ' ലോഗോയുടെ മധ്യത്തിൽ ചേർത്തിരുന്നു. പുതിയ ലോഗോയിൽ ഇതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ലോഗോ ഇപ്പോൾ മാറ്റിയതല്ലെന്നും 1951നും 1960നും ഇടയിൽ കോൺഗ്രസ് ഭരിക്കുേമ്പാഴാണ് മാറ്റിയതെന്നും മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു. ഇക്കാര്യത്തിൽ ടി.ആർ.എസ് സർക്കാറിനെ വിമർശിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.