ന്യൂഡൽഹി: വോട്ടുയന്ത്രത്തിനെതിരായ ഇൻഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ജമ്മു– കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ആകാതിരിക്കുമ്പോൾ മാത്രം വോട്ടുയന്ത്രത്തെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്ന് ഉമർ അബ്ദുല്ല പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വോട്ടുയന്ത്രം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോൾ ആഘോഷമാക്കുകയും മാസങ്ങൾക്ക് ശേഷം ജനവിധി എതിരായപ്പോൾ വോട്ടുയന്ത്രത്തെ അംഗീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടത്. വോട്ടുയന്ത്രത്തോട് എതിർപ്പുണ്ടെങ്കിൽ എന്നും അതേ നിലപാടായിരിക്കണം. വോട്ടുയന്ത്രത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും ചെയ്ത സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. താൻ ഒരിക്കലും വോട്ടുയന്ത്രത്തെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത് മികച്ച ആശയമാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.