കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ്. മമത ബാനർജി അനുകൂലികൾ അവരുടെ സ്വഭാവം മാറ്റിയില്ലെങ്കിൽ കൈയും കാലും തലയും തകരുമെന്നും കൊല്ലപ്പെടുകപോലും ചെയ്തേക്കാമെന്നുമായിരുന്നു ഘോഷിൻെറ പരാമർശം. ഞായറാഴ്ച ഹാൽഡിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''പ്രശ്‌നങ്ങളുണ്ടാക്കുന്ന ദീദിയുടെ(മമത) സഹോദരന്മാർ അടുത്ത ആറുമാസത്തിനുള്ളിൽ അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തണം, അല്ലാത്തപക്ഷം നിങ്ങളുടെ കൈകാലുകളും വാരിയെല്ലുകളും തലയും തകരും. നിങ്ങൾ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. കൂടുതലായി കളിച്ചാൽ, ശ്മശാനത്തിലേക്കും"-ഘോഷ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസിൻെറ നാളുകൾ എണ്ണപ്പെട്ടുവെന്നും സംസ്ഥാനത്ത് കേന്ദ്ര സേന സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ബിഹാറിൽ ലാലു രാജ് ആയിരുന്നപ്പോൾ ജംഗിൾ രാജ് ആയിരുന്നു. നിത്യേന അക്രമങ്ങളായിരുന്നു. ഞങ്ങൾ ഗുണ്ടകളെ പുറത്താക്കി. ഇതിനെയാണ് ബി.ജെ.പി രാജ് എന്ന് വിളിക്കുന്നത്. ഞങ്ങൾ ജംഗിൾ രാജ് ജനാധിപത്യമാക്കി മാറ്റി. ഇനി പശ്ചിമ ബംഗാളിലും ഞങ്ങൾക്ക് ജനാധിപത്യം പുനഃസ്ഥാപിക്കണം'' -അദ്ദേഹം പറഞ്ഞു.
''ഞാൻ ഒരു കാര്യം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ദീതിയുടെ പൊലീസിന് കീഴിലായിരിക്കില്ല നടക്കുക, ദാദയുടെ പൊലീസിന് കീഴിലായിരിക്കും. കാക്കിയിട്ട പൊലീസുകാർ ബൂത്തിന് നൂറ് മീറ്റർ അകലെ മാവിൻ ചുവട്ടിൽ കസേരയിട്ടിരുന്ന് ഖൈനി ചവച്ചുകൊണ്ട് വോട്ടെടുപ്പ് കാണും.'' -ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
ഘോഷിൻെറ പരാമർശത്തെ തൃണമൂൽ കോൺഗ്രസ് അപലപിച്ചു. സംസ്ഥാനത്തിൻെറ രാഷ്ട്രീയാന്തരീക്ഷത്തെ ദിലീപ് ഘോഷ് മലീമസമാക്കുകയാണെന്ന് തൃണമൂൽകോൺഗ്രസ് ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ദിലീപ് ഘോഷിൻെറ വിവാദ പ്രസ്താവന. ദിലീപ് ഘോഷും മറ്റ് ബി.ജെ.പി നേതാക്കളും തിങ്കളാഴ്ച പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.