ന്യൂഡൽഹി: ഭാരത ജോഡോ യാത്ര കശ്മീരിൽ പ്രവേശിക്കുമ്പോൾ ചില ഭാഗങ്ങളിലേക്ക് പോകരുതെന്ന് രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. രാഹുൽ ഗാന്ധിയുടെ സുരക്ഷക്കായി വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ചില ഭാഗങ്ങളിലേക്ക് കാൽനടയായി യാത്രചെയ്യുന്നത് അദ്ദേഹം ഒഴിവാക്കണം. പകരം കാറിൽ യാത്ര ചെയ്യാം -സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷാ പരിശോധനകളും മറ്റും തുടർന്നുകൊണ്ടിരിക്കുകയാണ്. രാത്രി തങ്ങുന്നതു സംബന്ധിച്ചും കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജനുവരി 25 ന് ബനിഹാലിൽ ദേശീയ പതാക ഉയർത്തിയ ശേഷം ജനുവരി 27ന് രാഹുൽ ഗാന്ധി അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും. ശ്രീനഗറിൽ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂവെന്നാണ് സുരക്ഷാ ജീവനക്കാർ ആവശ്യപ്പെടുന്നത്.
ജനുവരി 19ന് ലഖൻപൂരിൽ എത്തുന്ന രാഹുൽ ഒരു രാത്രി അവിടെ തങ്ങിയ ശേഷം അടുത്ത ദിവസം കത്വയിലെ ഹാൽതി മോർഹിൽ നിന്നാണ് യാത്ര തുടങ്ങുക. ആ രാത്രി ചദ്‍വാലിൽ തങ്ങും. 21ന് ഹിരാനഗറിൽ നിന്ന് ഹവേലിയിലേക്കാണ് യാത്ര. 22 ന് വിജയ്പൂരില നിന്ന് സത്വാരിയിലേക്കും യാത്ര തുടരാനാണ് പദ്ധതി.
ഇതിൽ പല പ്രദേശങ്ങളും പ്രശ്നബാധിത മേഖലകളാണ്. അതിനാൽ യാത്രയിൽ കൂടെയുള്ള ആളുകളെ തിരിച്ചറിയാൻ സാധിക്കണമെന്ന് രാഹുൽ ഗാന്ധിയുടെ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇസെഡ് പ്ലസ് സുരക്ഷായുള്ളയാളാണ് രാഹുൽ. എട്ട് -ഒമ്പത് കമാന്റോകൾ മുഴുവൻ സമയവും അദ്ദേഹത്തിന്റെ സുരക്ഷക്കായി കൂടെയുണ്ടാകും. രാഹുലിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് കഴിഞ്ഞമാസം കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.