ഒരു വ്യക്തിക്കോ, പ്രത്യയശാസ്ത്രത്തിനോ രാജ്യത്തെ നിർമിക്കാനോ തകർക്കാനോ കഴിയില്ലെന്ന് മോഹൻ ഭാഗവത്

നാഗ്പുര്‍: ഒരു വ്യക്തി, ഒരു ചിന്ത, അല്ലെങ്കിൽ ഒരു ഗ്രൂപ് എന്ന ആശയത്തിന് ഒരു രാജ്യത്തെ നിർമിക്കാനോ തകർക്കാനോ കഴിയില്ലെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. "നല്ല രാജ്യങ്ങൾക്ക്" നിരവധി ആശയധാരകളുണ്ടെന്നും ഈ വ്യവസ്ഥിതിക്കൊപ്പമാണ് അവ വളരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂരിൽ രാജരത്‌ന പുരസ്‌കാര സമിതി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു വ്യക്തി, ഒരു ചിന്ത, ഒരു ഗ്രൂപ്, ഒരു പ്രത്യയശാസ്ത്രം എന്നിവക്ക് ഒരു രാജ്യത്തെ നിര്‍മിക്കാനോ തകർക്കാനോ കഴിയില്ല... ലോകത്തിലെ നല്ല രാജ്യങ്ങളില്‍ പലതരം ചിന്താധാരകളുണ്ട്. അവക്ക് പലതരം സംവിധാനങ്ങളുമുണ്ട്. ഈ വ്യവസ്ഥിതിക്കൊപ്പം അവ വളരുന്നു’ - ഭാഗവത് പറഞ്ഞു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതിനായി വാദിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നിലപാടിന് വിരുദ്ധമാണ് ഭാഗവതിന്‍റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് രാജ്യത്തിന്‍റെ ആവശ്യമാണെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും പലവേദികളിലും പ്രഖ്യാപിച്ചിരുന്നു. നാഗ്പൂരിലെ മുൻ രാജകുടുംബമായ ബോൺസ്‍ലെ കുടുംബത്തെക്കുറിച്ച് പറയുമ്പോൾ, സംഘ് സ്ഥാപകൻ കെ.ബി. ഹെഡ്‌ഗേവാറിന്റെ കാലം മുതൽ അവർക്ക് ആർ.എസ്‌.എസുമായി ബന്ധമുണ്ടെന്ന് ഭാഗവത് പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജ് സ്വരാജ്യ (പരമാധികാര രാഷ്ട്രം) സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയെ അതിക്രമങ്ങളിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു. നാഗ്പൂർ ബോൺസ്‍ലെ കുടുംബത്തിന്റെ ഭരണത്തിനു കീഴിൽ കിഴക്ക് ഭാഗവും ഉത്തരേന്ത്യയും അതിക്രമങ്ങളിൽനിന്ന് മോചിപ്പിക്കപ്പെട്ടതായും ഭാഗവത് കൂട്ടിച്ചേർത്തു.

Tags:    
News Summary - One Ideology, One Person Can't Make Or Break Country: RSS Chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.