ന്യൂഡൽഹി: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിന് വേണ്ടിയുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. നിയമമന്ത്രി അർജുൻ രാം മേഘ്‍വാളായിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു. ലോക്‌സഭ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കശ്‌മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് യോജിപ്പിക്കുന്നതിനുള്ള ബില്ലുമാണ് തിങ്കളാഴ്ച ലോക്സഭക്ക് മുന്നിലെത്തുക.
ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കേണ്ടതുണ്ട്. നിലവിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല് പാസാക്കാൻ കൂടുതൽ പാർട്ടികളുടെ പിന്തുണ ആവശ്യമാണ്.
അതേസമയം, നിർദേശം അപ്രായോഗികമാണെന്നും ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്നും പ്രതിപക്ഷ നേതാക്കൾ വിമര്‍ശിച്ചു. ഒരു സംസ്ഥാനത്തെ സർക്കാർ ആറ് മാസത്തിനുള്ളിൽ താഴെ വീഴുകയോ ഭൂരിപക്ഷം നഷ്‌ടപ്പെടുകയോ ചെയ്‌താൽ, നാലര വർഷത്തേക്ക് സംസ്ഥാനം സർക്കാരില്ലാതെ തുടരേണ്ടിവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി.
2014ൽ അധികാരത്തിലെത്തിയത് മുതൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത നിലപാടായിരുന്നു. എന്നാൽ ഇത് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.