ന്യൂഡൽഹി: കനത്ത മഴയും കൃഷിനാശവും ഉള്ളിവില കുത്തനെ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ക്രമരഹിതമായ തെക്കുപടിഞ്ഞാറൻ മൺസൂണാണ് ഉള്ളിവില കുത്തനെ ഉയരാൻ പ്രധാന കാരണമാകുക. വിളവെടുപ്പ് വൈകുന്നതും തിരിച്ചടിയാകും.
ടൗട്ടെ ഉൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ അന്തരീക്ഷത്തിലെ ഈർപ്പം വർധിപ്പിച്ചത് റാബി വിളകൾ ഏറെക്കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിന് തടസമാണ്. ഇതോടെ റാബി വിളകൾ നേരത്തെ വിപണിയിലിറക്കേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
2018ലെ ഉള്ളിവിലയേക്കാൾ 100 ശതമാനത്തോളം വർധന ഇത്തവണയുണ്ടാകുമെന്ന് വിപണി അവലോകന സ്ഥാപനമായ ക്രിസിൽ വിലയിരുത്തുന്നു. 'ഇന്ത്യയിലെ ഏതാണ്ടെല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഉള്ളി ജനങ്ങളെ വീണ്ടും കരയിക്കാനാണ് സാധ്യത. കൃത്യതയില്ലാത്ത മൺസൂണും വിളവെടുപ്പിലെ വൈകലും തിരിച്ചടിയാണ്. ഖാരിഫ് ഉൽപ്പാദനം വിപണിയിലെത്താൻ വൈകുന്നതും സംഭരിച്ച വിളകൾ ഏറെക്കാലം സൂക്ഷിക്കാൻ സാധിക്കാത്തതുമാണ് വിലകൂടലിന് കാരണമാകുക' -ക്രിസിൽ വിശദീകരിച്ചു.
ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായ ഉള്ളി മൂന്ന് സീസണുകളിലായാണ് കൃഷിചെയ്യുന്നത്. ഖാരിഫ്, ലേറ്റ് ഖാരിഫ്, റാബി എന്നിവയാണിത്. ഓരോ മാസവും ഏകദേശം 13 ലക്ഷം ടൺ ഉള്ളിയാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നിവയാണ് രാജ്യത്ത് ഖാരിഫ് സീസണിൽ പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഖാരിഫ് ഉൽപ്പാദനത്തിന്‍റെ 75 ശതമാനത്തോളവും ഇവിടെനിന്നാണ്.
അതേസമയം, ഉള്ളിവില നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. രണ്ട് ലക്ഷം മെട്രിക് ടൺ ഉള്ളി കരുതൽ ശേഖരമായി ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
മുന്‍കാലത്തെ കണക്കനുസരിച്ച് സെപ്റ്റംബര്‍ മാസത്തിലാണ് ഉള്ളിവില വര്‍ധിക്കുന്നത്. ഉള്ളിക്കൃഷി ആരംഭിക്കുന്നത് ഈ മാസത്തിലാണ്. പിന്നീട് മൂന്ന് മാസത്തിനു ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്പോഴാണ് വീണ്ടും വില കുറഞ്ഞു തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.