സൂചനാ ചിത്രം

'ആറുമാസമേ ഞാൻ ജീവിച്ചിരിക്കൂ... അച്ഛനോടും അമ്മയോടും ഡോക്ടർ ഇക്കാര്യം പറയരുത്'; അർബുദം ബാധിച്ച ആറുവയസുകാരന്‍റെ വാക്കുകൾ പങ്കുവെച്ച് ഡോക്ടർ

ഹൈദരാബാദ്: 'ആറുമാസം മാത്രമേ ഇനി ഞാൻ ജീവിച്ചിരിക്കൂ. ഡോക്ടർ ദയവുചെയ്ത് അച്ഛനോടും അമ്മയോടും ഇക്കാര്യം പറയരുത്' -അർബുദം ബാധിച്ച ആറുവയസ്സുകാരന്‍റെ വാക്കുകളായിരുന്നു ഇത്. മാസങ്ങൾ പിന്നിട്ട്, ആറുവയസ്സുകാരന്‍റെ മരണശേഷം ഡോക്ടർ പങ്കുവെച്ച വാക്കുകൾ ഹൃദയവേദനയോടെയല്ലാതെ വായിക്കാനാകില്ല.

ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് തന്നെ കാണാനെത്തിയ അർബുദ രോഗിയായ ആറ് വയസുകാരനെ കുറിച്ചും, കുട്ടിയുടെ പ്രായത്തിൽ കവിഞ്ഞ പക്വതയെ കുറിച്ചും ട്വിറ്ററിൽ പങ്കുവെച്ചത്.

ഒമ്പത് മാസം മുമ്പാണ് ഒരു ദിവസം ദമ്പതിമാർ ഡോക്ടറെ കാണാനെത്തിയത്. ഇവരുടെ മകൻ ആറ് വയസുകാരനായ മനു (യഥാർഥ പേരല്ല) റൂമിന് പുറത്തുണ്ടായിരുന്നു. 'മനുവിന് അർബുദമാണ്. അക്കാര്യം ഞങ്ങൾ അവനോട് പറഞ്ഞിട്ടില്ല. ഡോക്ടർ മനുവിനെ കണ്ട് ചികിത്സകൾ നിർദേശിക്കണം. അസുഖത്തെ കുറിച്ച് അവനോട് വെളിപ്പെടുത്തരുത്' -ഇതായിരുന്നു അവരുടെ അഭ്യർഥന. ഡോക്ടർ സമ്മതിച്ചു.

ഒരു വീൽചെയറിലായിരുന്നു മനു വന്നത്. അപസ്മാരം വരാറുള്ളതിനാൽ ഓങ്കോളജിസ്റ്റാണ് ഇവിടേക്ക് അയച്ചത്. ഒരു ചിരിയോടെ അകത്തുവന്ന കുട്ടി അസാമാന്യ ധൈര്യവാനായിരുന്നെന്ന് ഡോക്ടർ പറയുന്നു. മനുവിന്‍റെ ചികിത്സാരേഖകൾ പരിശോധിച്ചപ്പോൾ തലച്ചോറിനെ ബാധിച്ച മാരകമായ അർബുദമാണെന്ന് മനസിലായി.

നാലാംഘട്ടത്തിലായിരുന്നു അസുഖം. അതിനാൽ മനുവിന്‍റെ വലത് കൈകാലുകൾ തളർന്നിരുന്നു. ശസ്ത്രക്രിയകളും കീമോതെറാപ്പിയും നടത്തിയിരുന്നു. തലച്ചോറിനെ ബാധിച്ചതുകൊണ്ടാണ് അപസ്മാരം വരുന്നത്. തുടർന്ന് രക്ഷിതാക്കളുമായി ഇതിനുള്ള ചികിത്സയെ കുറിച്ച് സംസാരിച്ചു.

അതിനിടെ, ഡോക്ടറോട് മാത്രമായി സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. രക്ഷിതാക്കൾ പുറത്തുപോയതും മനു പറഞ്ഞുതുടങ്ങി -'ഡോക്ടർ, എന്‍റെ അസുഖത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ ഐപാഡിൽ വായിച്ചറിഞ്ഞിട്ടുണ്ട്. ആറുമാസം കൂടി മാത്രമേ ഞാൻ ജീവിച്ചിരിക്കൂവെന്നും അറിയാം. എന്നാൽ, ഞാനിത് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ല. എനിക്കറിയാമെന്ന് അറിഞ്ഞാൽ അവർക്ക് വിഷമമാകും. അവർ എന്നെ ഏറെ സ്നേഹിക്കുന്നുണ്ട്. ഇക്കാര്യം അവരോട് പറയരുത്' -മനുവിന്‍റെ വാക്കുകൾ കേട്ട് ഏതാനും നിമിഷങ്ങൾ ഡോക്ടർ സ്തബ്ധനായിനിന്നു. ഇക്കാര്യം അവരോട് പറയില്ലെന്ന് മനുവിന് വാക്കുനൽകി.

പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി മനുവിനെ പുറത്തുനിർത്തി. മനു സംസാരിച്ച കാര്യങ്ങൾ അവരോട് ഡോക്ടർ വെളിപ്പെടുത്തി. ഇത് അവർ കൂടി അറിയേണ്ട കാര്യമാണെന്നും അതിനാലാണ് വെളിപ്പെടുത്തിയതെന്നും ഡോക്ടർ പറയുന്നു. അവശേഷിക്കുന്ന ദിനങ്ങൾ സന്തോഷം നിറയ്ക്കാൻ ഡോക്ടർ അങ്ങനെ തീരുമാനമെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഡോക്ടറുടെ വാക്കുകൾ കേട്ട് കരഞ്ഞു. പിന്നീട് മനുവിനൊപ്പം മടങ്ങി. 


(ഡോ. സുധീർ കുമാർ)

 


ഒമ്പത് മാസം പിന്നിട്ടു. ഡോക്ടർ ഇക്കാര്യം മറന്നുതുടങ്ങിയിരുന്നു. ഒരു ദിവസം മനുവിന്‍റെ രക്ഷിതാക്കൾ വീണ്ടും വന്നു. അവരെ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് തിരിച്ചറിയാനായി. മനുവിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കി.

'ഡോക്ടറെ കണ്ടശേഷം മനുവിനൊപ്പമുള്ള ദിനങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ചെലവഴിച്ചു. ഡിസ്നിലാൻഡിൽ പോകണമെന്ന മനുവിന്‍റെ ആഗ്രഹം ഞങ്ങൾ നിറവേറ്റി. ജോലിയിൽ നിന്ന് ഞങ്ങൾ രണ്ടും അവധിയെടുത്ത് അവന്‍റെ കൂടെ പരമാവധി സമയം ചെലവിട്ടു. ഒരു മാസം മുമ്പ് മനു ഞങ്ങളെ വിട്ടുപോയി. എട്ട് മാസങ്ങൾ മനുവിന് സന്തോഷം നൽകാനായതിൽ ഡോക്ടറോട് നന്ദി പറയാനാണ് ഞങ്ങൾ വന്നത്' -അവർ പറഞ്ഞു. ട്വീറ്റുകളിലൂടെയാണ് ഡോക്ടർ സുധീർ കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. 


മനുവിന്‍റെ മനോധൈര്യത്തെയും ഡോക്ടറുടെ പ്രവൃത്തിയെയും അഭിനന്ദിച്ച് നിരവധി പേരാണ് മറുപടി നൽകുന്നത്. രക്ഷിതാക്കളോട് ഡോക്ടർ വെളിപ്പെടുത്തിയത് മനുവിന് അറിയാമോയെന്ന് ഒരാൾ ചോദിച്ചു. അവർ പിന്നീടുള്ള എട്ട് മാസം സന്തോഷത്തോടെ ചെലവഴിച്ചു എന്നാണ് മനസിലാക്കിയതെന്ന് ഡോക്ടർ മറുപടി നൽകി. ഏറെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോക്ടർ പങ്കുവെച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Only 6 months left, don’t tell my parents about my cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.